'മരണശേഷം വീണ്ടും ജീവിക്കണോ?'; ക്രയോണിക്‌സ് ലാബില്‍ രജിസ്റ്റര്‍ ചെയ്തത് 650ലധികം പേര്‍
ബെര്‍ലിന്‍: വീണ്ടും ജീവിക്കാന്‍ അവസരം നല്‍കുമെന്ന വാഗ്ദാനവുമായി ജര്‍മ്മനിയിലെ കമ്പനി. ശരീരം ക്രയോപ്രിസര്‍വേഷന്‍ ചെയ്ത് വയ്ക്കുക വഴി ശാസ്ത്രത്തിന്റെ ഭാവിയിലെ വൈദ്യശാസ്ത്ര പുരോഗതികള്‍ കൊണ്ട് വ്യക്തിയെ വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞേക്കാമെന്നതാണ് ആശയം.
ബെര്‍ലിന്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ ടുമാറോ ബയോ ആണ്, മരണശേഷം മനുഷ്യശരീരം സംരക്ഷിക്കുന്ന ഒരു ഫ്യൂച്ചറിസ്റ്റിക് സേവനം വാഗ്ദാനം ചെയ്യുന്നത്. യൂറോപ്പിലെ ആദ്യത്തെ ക്രയോണിക്‌സ് ലാബാണ് ടുമാറോ ബയോ.
200,000 ഡോളറിന്(1.74 കോടി രൂപ), സേവനം നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ഇതുവരെ, കമ്പനി 'മൂന്നോ നാലോ' ആളുകളെയും അഞ്ച് വളര്‍ത്തുമൃഗങ്ങളെയും ക്രയോപ്രിസര്‍വേഷന്‍ ചെയ്തിട്ടുണ്ട്, 650-ലധികം ആളുകള്‍ ഈ സേവനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
അതേസമയം, ഇതിനെതിരേ വ്യാപക വിമര്‍ശനവും ഉയര്‍ന്നു വരുന്നുണ്ട്. ക്രയോപ്രിസര്‍വേഷനുശേഷം ആരെയും വിജയകരമായി പുനരുജ്ജീവിപ്പിച്ചിട്ടില്ലെന്നും, അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍പ്പോലും, തലച്ചോറിന് ഗുരുതരമായി കേടുപാടുകള്‍ സംഭവിച്ച് ജീവിതത്തിലേക്ക് തിരികെ വരാനുള്ള സാധ്യതയുണ്ടെന്നും ചിലര്‍ പറയുന്നു. മനുഷ്യരുടെ തലച്ചോറിന്റെ ഘടനകളെപ്പോലെ സങ്കീര്‍ണ്ണമായ ഘടനയുള്ള ജീവികളെ വിജയകരമായി പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നതിന് നിലവില്‍ ഒരു തെളിവുമില്ല എന്നും ഈ ആശയത്തെ 'അസംബന്ധം' എന്നും ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ന്യൂറോ സയന്‍സ് പ്രൊഫസര്‍ ക്ലൈവ് കോയിന്‍ പറഞ്ഞു.
