വാഗണ്‍ ട്രാജഡി ദുരന്തം; 104മത് വാര്‍ഷികം: രക്തസാക്ഷികളുടെ കുടുംബങ്ങള്‍ നാളെ കുരുവമ്പലത്ത് സംഗമിക്കും

Update: 2025-11-20 17:02 GMT

പുലാമന്തോള്‍: ഇന്ത്യന്‍ സാതന്ത്ര്യ സമര ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു അധ്യായമാണ് വാഗണ്‍ ട്രാജഡി ദുരന്തം. ഈ നടുക്കുന്ന ഓര്‍മ്മകള്‍ പുതുതലമുറക്ക് കൈമാറുന്നതിനായി വാഗണ്‍ ട്രാജഡി രക്തസാക്ഷികളുടെ കുടുംബം കുരുവമ്പലത്ത് നാളെ സംഗമിക്കുന്നു. മലബാര്‍ കലാപത്തിലെ ഭീതിതമായ ഈ സംഭവത്തിന് വേദിയായത് തിരൂരായിരുന്നുവെങ്കിലും വാഗണ്‍ ട്രാജഡിയെന്ന് ചരിത്രം വിളിച്ച ഈ കൊടും ക്രൂരതയില്‍ ജീവന്‍ ബലിനല്‍കിയവരില്‍ പകുതിയിലധികവും മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ പഞ്ചായത്തിലെ കുരുവമ്പലം എന്ന കൊച്ചുഗ്രാമത്തിലുള്ളവരായിരുന്നു. 41 പേരാണ് ഈ മഹാ ദുരന്തത്തില്‍ ഈ ഗ്രാമത്തില്‍ നിന്ന് രക്തസാക്ഷികളായത്.

ദുരന്തത്തിന്റെ നൂറ്റി നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കുരുവമ്പലം വാഗണ്‍ ട്രാജഡി സ്മാരക സമിതി സംഘടിപ്പിക്കുന്ന വാര്‍ഷിക ദിനാചരണം നാളെ(വെള്ളി)വൈകീട്ട് 6.00 മണിക്ക് കുരുവമ്പലം വാഗാണ്‍ ട്രാജഡി സ്മാരക മന്ദിര പരിസരത്തു വെച്ച് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും. മഞ്ചേരി എന്‍എസ് കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: ഹരിപ്രിയ, മലപ്പുറം ഗവണ്‍മെന്റ് കോളേജ് ഇസ്ലാമിക് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: പി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സലാം മാസ്റ്റര്‍ പൂമംഗലം, ഡോ: ഹുസൈന്‍ വി, ഡോ: അലി നൗഫല്‍ എന്നിവര്‍ പ്രസംഗിക്കും.

ബ്രിട്ടീഷുകാര്‍ക്കും ബ്രിട്ടീഷ് ഭരണത്തിനുമെതിരേ നിലകൊണ്ടതിന് പക തീര്‍ക്കാന്‍ വെള്ളക്കാര്‍ വേട്ടയാടിക്കൊണ്ടിരുന്നത് മലബാര്‍ മാപ്പിളമാരെയായിരുന്നു. അവരെ പിടികൂടി അന്തമാന്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാടുകടത്തല്‍ പതിവാക്കിയിരുന്നു. ഇപ്രകാരം നാടുകടത്താന്‍ അസൂത്രിതമായി നടത്തിയ ഹീനതന്ത്രമാണ് വാഗണ്‍ ട്രാജഡി എന്ന മഹാദുരന്തത്തില്‍ കലാശിച്ചത്.

1921 നവംബര്‍ 19ന് തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എംഎസ് റെയില്‍വെയുടെ 77ാം നമ്പര്‍ ട്രൈനിലെ 1711ാം നമ്പര്‍ ചരക്ക് വാഗണിലാണ് നൂറോളം മാപ്പിളമാരെ കുത്തിനിറച്ച് യാത്ര ആരംഭിച്ചത്. അന്‍പതു പേര്‍ക്കു പോലും നില്‍ക്കാല്‍ സൗകര്യമില്ലാത്ത ഈ വാഗണില്‍ കുത്തിനിറക്കപ്പെട്ട മാപ്പിള സ്വാതന്ത്ര്യ സമര പോരാളികള്‍ യാത്ര തുടങ്ങി ഏതാനും മിനുറ്റിനുള്ളില്‍ തന്നെ ശ്വാസം ലഭിക്കാത്തെ ആര്‍ത്തട്ടഹസിച്ച് കരയാന്‍ തുടങ്ങിയിരുന്നു. ബ്രിട്ടീഷ് സേന ഈ അട്ടഹാസം കേട്ടഭാവം പോലും നടിക്കാതെ യാത്ര തുടരുകയും വാഗണിലെ എഴുപതോളം പേര്‍ ശ്വാസം മുട്ടി മരിക്കുകയും ചെയ്തു.

ഈ മരിച്ച 70 പേരില്‍ 41 പേരും കുരുവമ്പലം എന്ന കൊച്ചു ഗ്രാമത്തിലുള്ളവരാണ്. ഇവരില്‍ 35 പേര്‍ കുരുവമ്പലത്തുകാരും ആറാളുകള്‍ വളപുരം, ചെമ്മലശ്ശേരി പ്രദേശത്തുള്ളവരുമാണ്. പള്ളി ദര്‍സ് വിദ്യാര്‍ഥികളായിരുന്നു ഇവരിലധികവും. നാട്ടിലെ പണ്ഡിതരും പൊതു സ്വീകാര്യനുമായ വളപുരം സ്വദേശി കല്ലെത്തൊടി കുഞ്ഞുണ്ണീന്‍ മുസ്ലിയാരെ ബ്രിട്ടീഷ് പോലിസ് അറസ്റ്റു ചെയ്ത് പെരിന്തല്‍മണ്ണ സബ് ജയിലിലടച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞ് പുലാമന്തോള്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ പെരിന്തല്‍മണ്ണയിലേക്ക് പ്രതിഷേധവുമായെത്തി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കുഞ്ഞിണ്ണീന്‍ മുസ്ലിയാരെ വിട്ടയക്കുകയും പ്രതിഷേധക്കാരെ മുഴുവന്‍ അറസ്റ്റു ചെയ്ത് തിരൂരിലേക്ക് കൊണ്ട് പോവുകയുമായിരുന്നു. ഇവരെയാണ് തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടു പോവാനായി ഗുഡ്‌സ് വാഗണില്‍ തിക്കിത്തിരുകി കയറ്റിയിരുന്നത്.

70 പേര്‍ ശ്വാസം മുട്ടി മരിച്ച ഈ സംഭവത്തില്‍ നിന്ന് കുരുവമ്പലത്തെ രണ്ടു പേര്‍ വാഗണിന്റെ ആണിപ്പഴുതിലൂടെ ശ്വാസമെടുത്ത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വാഴയില്‍ കുഞ്ഞയമവും കാളിയറോഡ് കോയക്കുട്ടി തങ്ങളും. 2005ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് കുരുവമ്പലത്ത് ഒരു സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതു വരെ വാഗണ്‍ രക്തസാക്ഷികളുടെ രണ്ടാം തലമുറക്ക് തങ്ങളുടെ പൂര്‍വ്വികരുടെ ഈ ത്യാഗത്തിന്റെ ഓര്‍മ്മകള്‍ വിസ്മൃതിയിലായിരുന്നു. ദുരന്തത്തിന്റെ ഓര്‍മക്കായി അവരുടെ ജന്മനാട്ടില്‍ ആകെയുള്ളത് ഈ സ്മാരകം മാത്രമാണ്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുല്യതയില്ലാത്ത ഈ ക്രൂരതയുടെ ഓര്‍മ്മകള്‍ വരും തലമുറക്ക് കൈമാറുന്നതിനു വേണ്ടി ഓരോ വര്‍ഷവും കുരുവമ്പലം വാഗണ്‍ ട്രാജഡി സ്മാരക സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഷിക ദിനാചരണം നടത്തിവരുന്നുണ്ട്.