രാഹുല്‍ പറഞ്ഞ തട്ടിപ്പുകള്‍ തൃശൂരിലും നടന്നിട്ടുണ്ട്: വി എസ് സുനില്‍കുമാര്‍
തൃശൂര്‍: ബിഹാറിലെ വോട്ടര്‍പട്ടികയെ കുറിച്ച് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയ തട്ടിപ്പുകള്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലും നടന്നിട്ടുണ്ടെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. 2024ലെ തിരഞ്ഞെടുപ്പില്‍ തൃശൂരിലും പിന്നീട് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും തട്ടിപ്പുകള്‍ നടന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് അതെല്ലാം നടന്നത്. തൃശൂരില്‍ പുറത്തുനിന്നും വോട്ടുകള്‍ കൊണ്ടുവന്നു. അതിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെ പരിശോധിച്ചില്ല. അത് ഗുരുതരമായ അട്ടിമറിയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിഎം മാറ്റി ബാലറ്റിലേക്ക് തിരിച്ചുപോവലാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലത്. വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയാണ് വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങളുള്ളതായി അക്കാലത്ത് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.