വി എസിന് അന്ത്യാഭിവാദം അര്‍പ്പിച്ച് ആയിരങ്ങള്‍

Update: 2025-07-23 16:06 GMT

ആലപ്പുഴ: ആയിരക്കണക്കിന് പേരുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യയാത്ര. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കും പി കൃഷ്ണപിള്ള ഉള്‍പ്പെടെ നേതാക്കള്‍ക്കുമൊപ്പമാണ് വി എസിനും അന്ത്യവിശ്രമം.ചൊവ്വ ഉച്ചയ്ക്ക് തലസ്ഥാന നഗരിയില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറെടുത്താണ് ജന്മനാടായ ആലപ്പുഴയിലെത്തിയത്. തിരുവനന്തപുരവും കൊല്ലവും പിന്നിട്ട് ബുധന്‍ രാവിലെ 7.30 കഴിഞ്ഞപ്പോഴാണ് വിലാപയാത്ര ആലപ്പുഴയിലെത്തിയത്. വീട്ടിലെ ദര്‍ശനത്തിന് ശേഷം പാര്‍ടി ഓഫിസിലും പൊതുദര്‍ശനം നടന്നു.പിന്നീട് ബീച്ചിനുസമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക്. എല്ലായിടത്തും അന്ത്യോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുടെ നീണ്ടനിര. പൊലീസ് ദേശീയ പതാക പുതപ്പിച്ച ശേഷം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

നാല് മണിക്കായിരുന്നു വലിയചുടുകാട്ടില്‍ സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ റിക്രിയേഷന്‍ സെന്ററില്‍നിന്ന് മൃതദേഹം എടുത്തപ്പോള്‍ത്തന്നെ രാത്രി എട്ടര കഴിഞ്ഞു. മകന്‍ വി എ അരുണ്‍കുമാര്‍ ചിതയ്ക്ക് തീകൊളുത്തി.


വി എസിന്റെ ഭാര്യ വസുമതിയും ഉറ്റബന്ധുക്കളും അരികിലുണ്ടായി. സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 മുതല്‍ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലിരുന്ന വി എസ് 102ാം വയസ്സില്‍ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.