ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ആരോപണം

Update: 2026-04-02 16:05 GMT

ന്യൂഡല്‍ഹി: 2024ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി സാമ്പത്തിക വിദഗ്ധന്‍ ഡോ. പരകാല പ്രഭാകര്‍. വോട്ടെടുപ്പ് ദിവസം രാത്രി എട്ടിനും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ 52 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തിയെന്നും ഇതില്‍ 17 ലക്ഷവും അര്‍ദ്ധരാത്രിക്ക് ശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി നയിക്കുന്ന എന്‍ഡിഎ 2024ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 175 സീറ്റുകളില്‍ 164 എണ്ണം നേടി വിജയിച്ചെന്നും പരകാല പ്രഭാകര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.

4.16% വോട്ടുകള്‍ രാത്രി 11.45നും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ രേഖപ്പെടുത്തിയതായും രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ചെ രണ്ടുമണി വരെ ഏകദേശം 52 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. പുലര്‍ച്ചെ 12 മണിക്ക് ശേഷം മാത്രം 17 ലക്ഷം സമ്മതിദാനവകാശം വിനിയോഗിച്ചു. പുലര്‍ച്ചെ 12 മണിക്ക് ശേഷം ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട് രേഖപ്പെടുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുതയെന്ന് പ്രഭാകര്‍ വിശദമാക്കി.

പല ബൂത്തുകളിലും വെറും ആറ് സെക്കന്‍ഡില്‍ ഒരു വോട്ട് എന്ന നിരക്കിലാണ് പോളിങ് നടന്നത്. ഒരു ഇവിഎം മെഷീന്‍ പുനഃസജ്ജമാക്കാന്‍ 14 സെക്കന്‍ഡ് വേണമെന്നിരിക്കെ, ഇത്രയും വേഗത്തില്‍ വോട്ട് രേഖപ്പെടുത്തിയത് അസാധ്യമാണെന്നും 3,500 ബൂത്തുകളില്‍ പുലര്‍ച്ചെ വരെ പോളിങ് നീണ്ടത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വോട്ടര്‍ക്ക് അത്രയും സമയത്തിനുള്ളില്‍ പ്രവേശിക്കാനും വോട്ട് ചെയ്യാനും പുറത്തുകടക്കാനും കഴിയുമോ?' പ്രഭാകര്‍ ചോദിച്ചു.

2024 മെയ് 13ന് വൈകുന്നേരം അഞ്ചു മണിക്ക് വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം, ആന്ധ്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത് 68.04% വോട്ടുകള്‍ രേഖപ്പെടുത്തിയെന്നാണ്. രാത്രി എട്ടു മണിക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസിഐ വോട്ടര്‍ ടേണ്‍ഔട്ട് 68.12% എന്ന് പറഞ്ഞു. രാത്രി 11.45ന്, ഇസിഐ ടേണ്‍ഔട്ട് 76.50% ആയി പരിഷ്‌കരിച്ചു. നാല് ദിവസത്തിന് ശേഷം പുറത്തിറക്കിയ അവസാന വോട്ടര്‍ ടേണ്‍ഔട്ട് 81.79% ആയി രേഖപ്പെടുത്തി.

Tags: