വോട്ടു ചെയ്തതിനു ശേഷം മഷി മായ്‌ച്ചെന്ന് വോട്ടര്‍മാര്‍; തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൗരന്‍മാരെ ചൂഷണം ചെയ്യുകയാണെന്ന് രാഹുല്‍ ഗാന്ധി

Update: 2026-01-16 08:02 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രുക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മായ്ക്കാനാകുന്ന മഷി വ്യാപകമായ രീതിയില്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രതികരണം. തട്ടിപ്പ് നടക്കുന്നത് വ്യാപകമായ രീതിയിലാണെന്നും പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പൗരന്‍മാരെ ചൂഷണം ചെയ്യുന്ന ഈ നടപടി ജനാധിപത്യത്തിലെ വിശ്വാസം തകര്‍ക്കുന്നതാണെന്നും വോട്ടു കൊള്ള എന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

വോട്ട് രേഖപ്പെടുത്തിയ ശേഷം കൈവിരലിലെ മഷി മായ്ക്കുകയും ശേഷം പിന്നെയും വോട്ടു ചെയ്യുകയും ചെയ്യുന്ന രീതി അങ്ങേയറ്റം ഗുരുതരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിലെ 20 മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് പരാതിയില്‍ അന്വേഷണം നടത്താന്‍ മഹാരാഷ്്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

അതേസമയം, കമ്മീഷണര്‍ ബിജെപിക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ശിവ സേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു. വാഗ്മെയറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മാഷി മായ്ക്കാനുപയോഗിക്കുന്ന റിമൂവര്‍ ബോട്ടില്‍ ബിജെപി ഓഫീസുകളില്‍ നിന്ന് കണ്ടെടുത്തതായും ആരോപണമുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും പ്രതികളെ ശിക്ഷിക്കണമെന്നും എന്‍സിപി നേതാവ് റുപാലി ചക്കന്‍കര്‍ ആവശ്യപ്പെട്ടു.

Tags: