ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര; സമാപന സമ്മേളനം ഇന്ന്
25 ജില്ലകളിലെ 110 നിയമസഭ മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോയി
പട്‌ന: ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. അംബേദ്കര്‍ പാര്‍ക്കില്‍ നടക്കുന്ന മഹാറാലിയില്‍ പതിനായിരങ്ങള്‍ക്കൊപ്പം ഇന്‍ഡ്യ സഖ്യ നേതാക്കളും പങ്കെടുക്കും. ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്ക് എന്ന പേരില്‍ മാര്‍ച്ച് നടത്തും. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിച്ച യാത്ര വോട്ട് മോഷണത്തിനെതിരെ ശക്തമായ മുന്നറിപ്പ് നല്‍കിയാണ് അവസാനിക്കുന്നത്.
വോട്ട് ചോര്‍ മുദ്രാവാക്യവുമായി 16 ദിവസം നീണ്ടയാത്രയാണ് ഇന്ന് അവസാനിക്കുന്നത്. 25 ജില്ലകളിലെ 110 നിയമസഭ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. യാത്രയിലുടനീളം കണ്ട ജനസഗരമാണ് യാത്രയുടെ വിജയമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. രാവിലെ 11 മണിക്ക് മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം, ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്കെന്ന പേരില്‍ മാര്‍ച്ച് നടത്തി അംബേദ്കര്‍ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തും. ഒരുമണിയോടെ സമാപന സമ്മേളനം നടക്കും.
ബിഹാറിലെ ഗ്രാമീണ മേഖലകളെ ഇളക്കിമറിച്ചാണ് വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കുന്നത്. ബിഹാറിലെ യാത്ര വിജയമായതിനു പിന്നാലെ വോട്ട് കൊള്ളക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ ഇന്‍ഡ്യ സഖ്യം തീരുമാനിച്ചിട്ടുണ്ട്.