വോട്ടര്‍ മരിച്ചെന്ന് കാട്ടി അപേക്ഷ; നോട്ടിസ് നേരിട്ട് കൈപ്പറ്റി 'പരേതന്‍'
കോതമംഗലം: മരിച്ചുപോയ വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യണമെന്ന അപേക്ഷയിലെ നോട്ടിസ് കൈപറ്റിയത് 'പരേതന്‍' നേരിട്ട്. സിപിഎം മുന്‍ കൗണ്‍സിലറുടെ അച്ഛനെ പട്ടികയില്‍നിന്നു നീക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് നഗരസഭാ തിരഞ്ഞെടുപ്പു രജിസ്ട്രേഷന്‍ വിഭാഗത്തില്‍ അപേക്ഷിച്ചത്. നഗരസഭ 29-ാം വാര്‍ഡില്‍ മാതിരപ്പിള്ളി ഉപ്പിടാംകുഴി ശിവന്‍നായര്‍ (75) മരിച്ചതായി കാണിച്ചായിരുന്നു അപേക്ഷ. രജിസ്ട്രേഷന്‍ വിഭാഗം ഓഫീസര്‍ ഹിയറിങ്ങിനു ഹാജരാകാനുള്ള നോട്ടിസുമായി ശനിയാഴ്ച വീട്ടിലെത്തിയപ്പോള്‍ 'പരേതന്‍' നോട്ടിസ് ഒപ്പിട്ടു വാങ്ങി.
നഗരസഭയിലെ സിപിഎം മുന്‍ കൗണ്‍സിലര്‍ ബീനാ രാധാകൃഷ്ണന്റെ പിതാവാണ് ശിവന്‍നായര്‍. പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാവായ അജി പുതിയാമഠം നല്‍കിയ അപേക്ഷയിലാണ് ശിവന്‍നായര്‍ ജീവിച്ചിരിപ്പില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്. അപേക്ഷ പിന്താങ്ങിയത് ടി കെ അനില്‍കുമാര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ശിവന്‍നായരുടെ കാര്യത്തില്‍ 614 സീരിയല്‍ നമ്പരിനു പകരം 624 നമ്പര്‍ ചേര്‍ത്തതുമൂലം വന്ന പിശകാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ഇക്കാര്യം നഗരസഭയെയും വീട്ടുകാരെയും അറിയിച്ചതായും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
