വോട്ടര്‍പട്ടിക ക്രമക്കേട്; രാജ്യവ്യാപക പ്രചാരണത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്; ആഗസ്റ്റ് 11ന് യോഗം നടത്തുമെന്നറിയിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ കൃത്രിമം ചെയ്ത ബിജെപിക്കെതിരേ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ്. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആഗസ്റ്റ് 11ന് യോഗം വിളിച്ചു. എല്ലാ എഐസിസി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും കോണ്‍ഗ്രസിന്റെ എല്ലാ പോഷകസംഘനകളുടെയും നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരം 4:30 ന് ന്യൂഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ഓഫീസിലാണ് യോഗം
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം
അതേസമയം, തിരഞ്ഞെടുപ്പ് തട്ടിപ്പില്‍ ബിജെപി-ഇസിഐ അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടുന്നതിനായി രാജ്യത്തുടനീളമുള്ള വിവിധ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ശനിയാഴ്ച സംസ്ഥാന ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനം പ്രദര്‍ശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.