''വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക'' ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ 25 വരെ സംസ്ഥാന കാംപയിന്‍ സംഘടിപ്പിക്കും- എസ്ഡിപിഐ
തൃശൂര്‍: ജനാധിപത്യത്തെ കശാപ്പ് ചെയ്ത് ജനവിധി അട്ടിമറിച്ച് സാങ്കേതിക വിജയം നേടിയ ബിജെപിയ്ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി 2025 ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ 25 വരെ സംസ്ഥാന കാംപയിന്‍ സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 27ന് കോഴിക്കോട് ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി കാംപയിന്‍ ഉദ്ഘാടനം ചെയ്യും. വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുക, കള്ള വോട്ടിലൂടെ വിജയിച്ച സുരേഷ് ഗോപിയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കുക, വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 26ന് തൃശ്ശൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഒരു മണിക്കൂറില്‍ 72 ലക്ഷം വോട്ടുകള്‍ ചെയ്തതായി മഹാരാഷ്ട്രയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകളും നരേന്ദ്രമോഡി മത്സരിച്ച മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഫലം അസാധാരണമായി ഒരു മണിക്കൂര്‍ നിര്‍ത്തിവച്ച ശേഷം മോഡിയുടെ ഭൂരിപക്ഷം കുത്തനെ കൂടിയതടക്കം പുറത്തുവരുന്ന വോട്ട് കൊള്ളയുടെ കഥകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു എന്ന അവകാശപ്പെടുന്ന തൃശൂരില്‍ അവരുടെ ഭൂരിപക്ഷത്തേക്കാള്‍ വോട്ട് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ചേര്‍ത്തതായി കണ്ടെത്തിയിരുന്നു. രാജ്യത്ത് ബിജെപി അധികാരം പിടിച്ചെടുക്കുവാനും നിലനിര്‍ത്തുന്നതിനും വേണ്ടി വോട്ട് കൊള്ള ഉള്‍പ്പെടെയുള്ള കുല്‍സിത ശ്രമങ്ങള്‍ നടത്തിയെന്ന് വ്യക്തമായിരിക്കുന്നു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലക്കാരുടെ നിയമനം ഉള്‍പ്പെടെ ഈ അട്ടിമറിയും ഗൂഢാലോചനയും സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്നും പി കെ ഉസ്മാന്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കി ഇനിയും അധികാരത്തില്‍ തുടരാനാണ് ഭാവമെങ്കില്‍ ജനാധിപത്യത്തെ സംരക്ഷിക്കാനും നിലനിര്‍ത്താനും ജനങ്ങള്‍ തെരുവിലിറങ്ങുന്ന സമയം വിദൂരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ നാസര്‍ സംബന്ധിച്ചു.
