ഇന്ന് മുതല്‍ 'വീട്ടില്‍ വോട്ട്'

Update: 2026-03-30 05:17 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 85 വയസ്സിനു മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമായി ഒരുക്കിയ 'വീട്ടില്‍ വോട്ട്' സംവിധാനം ഇന്ന് മുതല്‍ ആരംഭിക്കും. ഏപ്രില്‍ നാലു വരെയാണ് ഈ സൗകര്യം ലഭ്യമാകുക. മുന്‍കൂട്ടി ബിഎല്‍ഒമാര്‍ മുഖേന അപേക്ഷ സമര്‍പ്പിച്ച വോട്ടര്‍മാര്‍ക്കാണ് ഈ അവസരം ഉപയോഗപ്പെടുത്താനാകുക. മൊബൈല്‍ പോളിങ് ടീമിന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടക്കുക.

പോളിങ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലിസ് എന്നിവരടങ്ങുന്ന സംഘം നേരിട്ട് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരും സംഘത്തോടൊപ്പം ഉണ്ടാകണം. വോട്ടെടുപ്പ് നടത്തുന്നതിനുള്ള തിയ്യതിയും സമയവും മുന്‍കൂട്ടി വോട്ടര്‍മാരെ അറിയിക്കും. ആദ്യ അവസരത്തില്‍ വോട്ടര്‍ ലഭ്യമാകാത്ത പക്ഷം, രണ്ടാം അവസരത്തിനായി പുതുക്കിയ തിയ്യതിയും സമയവും നിശ്ചയിക്കും. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഹോം വോട്ടിന് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കൈമാറും.

Tags: