എത്യോപ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; കണ്ണൂര്‍-അബുദാബി ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലിറക്കി
പതിനായിരം കൊല്ലത്തിനിടെ ആദ്യമായാണ് എത്യോപ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നത്
അഹമ്മദാബാദ്: കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. 6 ഇ 1433 എന്ന വിമാനമാണ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണിത്. പതിനായിരം വര്‍ഷത്തിനു ശേഷം ആദ്യമായാണ് എത്യോപ്യയില്‍ ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണിയാവുകയാണ്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഡല്‍ഹിക്കും ജയ്പുരിനും മീതേയുള്ള വ്യോമഗതാഗതത്തെ അഗ്‌നിപര്‍വത സ്ഫോടനം എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയുടെ വ്യോമയാന മേഖലയും വിമാനക്കമ്പനികളും. ചില വിമാനങ്ങള്‍ പുകമഞ്ഞ് ഒഴിവാക്കാന്‍ റൂട്ടുകള്‍ പുനക്രമീകരിക്കുകയാണ്. അന്താരാഷ്ട്ര വ്യോമയാന പ്രോട്ടോകോള്‍ പ്രകാരം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആകാശ എയര്‍ പറഞ്ഞു.
എത്യോപ്യയിലെ എര്‍ട്ട എയ്ല്‍ മേഖലയിലാണ് ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വതം സ്ഥിതിചെയ്യുന്നത്. ചാരവും സള്‍ഫര്‍ ഡയോക്സൈഡും അടങ്ങിയ കൂറ്റന്‍ പുകപടലങ്ങളാണ് ഞായറാഴ്ച രാവിലെ മുതല്‍ ഇതില്‍നിന്നുയരുന്നത്. പത്തു മുതല്‍ 15 കിലോമീറ്റര്‍വരെ ഉയരത്തിലെത്തുന്ന ഈ പുകപടലങ്ങള്‍ ചെങ്കടലിന് കുറുകേ കിഴക്കോട്ടാണ് നീങ്ങുന്നത്. ഒമാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രദേശങ്ങളെ ഈ ചാരമേഘങ്ങള്‍ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്.