എത്യോപ്യയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യത

ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു

Update: 2025-11-25 04:45 GMT

ന്യൂഡല്‍ഹി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെടാന്‍ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. രാത്രി 11.30ന് ദുബായിലേക്കു പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനവും സര്‍വീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു.

അഗ്‌നിപര്‍വത ചാരവും പുകയും വിമാനങ്ങള്‍ക്ക് യന്ത്ര തകരാര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പ്രശ്‌നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ജിദ്ദ, ദുബായ് സര്‍വീസുകള്‍ അഗ്‌നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് റദ്ദാക്കി. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ മണിക്കൂറുകളായി വലഞ്ഞു. ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, നെടുമ്പാശേരി, കോഴിക്കോട് അടക്കമുള്ള വിമാനത്താവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.

ഏകദേശം പതിനായിരം വര്‍ഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. അഗ്‌നിപര്‍വ്വത സ്‌ഫോടനം കാരണം സമീപത്തെ അഫ്‌ദെറ ഗ്രാമം മുഴുവന്‍ ചാരത്തില്‍ മൂടിയിരുന്നു. സ്‌ഫോടനം എര്‍ത അലെ, അഫ്‌ദെറ ടൗണ്‍ എന്നിവിടങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ക്ക് കാരണമായി. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ ബാധിച്ചു.

അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാകിസ്താന്‍ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഈ പുകപടലം അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍ മേഘപടലം പോലെ ആയതിനാല്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.