കൊച്ചി: മുന്‍ മന്ത്രിയും മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഖബറടക്കം നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. ഇന്ന് രാത്രി ഒന്‍പതു മണിയോടെ മൃതദേഹം ആലങ്ങാട് ചിറയത്തെ വീട്ടിലെത്തിക്കും.
ഏറെ നാളായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്ന ഇബ്രാഹിം കുഞ്ഞ് ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ് ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗമടക്കമുള്ള പദവികള്‍ വഹിച്ചിരുന്നു. 2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയില്‍ നിന്നും നിയമസഭാംഗമായ അദ്ദേഹം യുഡിഎഫ് സര്‍ക്കാരുകളില്‍ വ്യവസായ, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു.
അനുശോചിച്ച് നേതാക്കള്‍
വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണം വേദനിപ്പിക്കുന്നുവെന്നും മരണം കേരളത്തിന്റെയും ലീഗിന്റെ നഷ്ടമാണെന്നും മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ വികസന പ്രക്രിയയില്‍ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നുവെന്നും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി അനുശോചിച്ചു. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ റോഡുകള്‍ നല്ല നിലയില്‍ പരാതി കൂടാതെ കൊണ്ടുനടന്ന് കഴിവ് പ്രകടിപ്പിച്ച മന്ത്രിയായിരുന്നു. പാര്‍ട്ടിക്ക് നല്‍കിയ സംഭാവന ചെറുതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉയര്‍ച്ചയും താഴ്ചയും വിമര്‍ശനങ്ങളെല്ലാം തന്റേതായ എളിമയിലൂടെ കൈകാര്യം ചെയ്ത അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. നല്ലൊരു സുഹൃത്തിനേയും സഹപ്രവര്‍ത്തകനേയുമാണ് ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. ഒരേ മുന്നണിയുടെ നേതാക്കള്‍ എന്നതിനേക്കാളുപരി നല്ലൊരു സുഹൃത്തും, സഹോദരനുമായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിമാര്‍ എന്നനിലയിലും, നിയമസഭാ സാമാജികര്‍ എന്ന നിലയിലും വളരെ അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ നാളുകള്‍ ഓര്‍മിക്കുന്നതായും രമേശ് ചെന്നിത്തല അനുശോചിച്ചു. വ്യവസായ മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലകളിളെല്ലാം വലിയ സംഭാവനകള്‍ അദ്ദേഹം കേരളീയ സമൂഹത്തിന് നല്‍കി. വി കെ ഇബ്രാഹിം കുഞ്ഞ് കടന്നുപോകുമ്പോള്‍ നമ്മുടെ ജനാധിപത്യ മതേതര സമൂഹത്തിന് അതൊരു തീരാനഷ്ടം തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വി കെ ഇബ്രാഹിം കുഞ്ഞിന്റെ മരണത്തിലൂടെ മുസ് ലിം ലീഗിന് ഉണ്ടായത് കനത്ത നഷ്ടമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹൃദയങ്ങളിലേക്ക് സ്‌നേഹ പാലം പണിത വ്യക്തിയാണെന്നും പാര്‍ട്ടിയുടെ മതേതര മുഖമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാവരിലാലും ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു ഇബ്രാഹിം കുഞ്ഞെന്നും തന്റെ കൈയില്‍ കിട്ടിയ ഏത് സ്ഥാനവും ഭംഗിയായി അദ്ദേഹം നിര്‍വഹിച്ചെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി അനുശോചിച്ചു. പെരുമാറ്റ രീതിയില്‍ വളരെ സൗമനായ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
വി കെ ഇബ്രാഹിം കുഞ്ഞിന്റെ മരണത്തില്‍ വ്യവസായ മന്ത്രി പി രാജീവ് അനുശോചനം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലേയും അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അസുഖ ബാധിതനായിരിക്കേ പലതവണ ആലുവയിലെ വീട്ടിലെത്തിയും കണ്ടിരുന്നുവെന്നും പി രാജീവ് പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനാ നേതാവില്‍ നിന്ന് ഭരണാധികാരിയായും രാഷ്ട്രീയ നേതാവുമായി വളര്‍ന്ന അദ്ദേഹത്തിന് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുണ്ടായിരുന്നു. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളിലായിരുന്നെങ്കിലും ട്രേഡ് യൂണിയന്‍ രംഗത്ത് നിരവധി തവണ ഒന്നിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴിലാളികളെ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പലപ്പോഴും ഒരേ നിലപാട് കൈക്കൊണ്ടു. നിയമസഭാംഗമായും രണ്ടു തവണ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വേര്‍പാടില്‍ ബന്ധുമിത്രാദികളുടേയും മുസ് ലിം ലീഗ് അംഗങ്ങളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി.
മുസ് ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള വി കെ ഇബ്രാഹിം കുഞ്ഞ് ചുവടുവെച്ചത്. മുസ് ലിം ലീഗിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2001ല്‍ മട്ടാഞ്ചേരി മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക്. 2006ല്‍ വീണ്ടും വിജയം. 2011ലും 2016ലും കളമശ്ശേരി മണ്ഡലത്തില്‍ നിന്നാണ് ഇബ്രാഹിം കുഞ്ഞ് ജയിച്ചത്. 2005ല്‍ ഐസ്‌ക്രീം പാര്‍ലര്‍ ആരോപണത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെത്തിയത് ഇബ്രാഹിം കുഞ്ഞ്. വ്യവസായ വകുപ്പിന്റെ ചുമതല. 2011-2016 കാലത്ത് രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി. 400 ദിവസം കൊണ്ട് 100 പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് നടപ്പിലാക്കിയത് ശ്രദ്ധേയ നേട്ടമായി. ഇ-ടെണ്ടറും ഇ-പെയ്മെന്റും നടപ്പാക്കി.
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മേന്മ പരിശോധിക്കാന്‍ ക്വാളിറ്റി ലാബുകള്‍ സ്ഥാപിച്ചു. നഷ്ടപ്പെട്ട ലോക ബാങ്ക് സഹായം കേരളത്തിന് വീണ്ടും ലഭ്യമാക്കിയതും ഇബ്രാഹിം കുഞ്ഞിന്റെ കാലത്ത്. ഹൈവേകളുടേയും പാലങ്ങളുടേയും ഫ്ളൈഓവറുകളുടേയും വികസനത്തില്‍ നിര്‍ണായക പങ്കു വഹിച്ചെങ്കിലും പാലാരിവട്ടം പാലം അഴിമതി രാഷ്ട്രീയ ജീവിതത്തില്‍ തന്നെ വലിയ വെല്ലുവിളി തീര്‍ത്തു. അഴിമതി ആരോപണത്തില്‍, ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇബ്രാഹിം കുഞ്ഞിനെതിരേ അന്വേഷണം നടത്തി. അര്‍ബുദ ബാധയെ തുടര്‍ന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം കുഞ്ഞ് മല്‍സരിച്ചില്ല. പകരം മകന്‍ അഡ്വ. അബ്ദുള്‍ ഗഫൂറാണ് കളമശ്ശേരിയില്‍ മല്‍സരിച്ചത്. നദീറയാണ് ഭാര്യ. അഡ്വ. അബ്ദുള്‍ ഗഫൂര്‍, അബ്ബാസ്, അനൂബ് എന്നിവരാണ് മക്കള്‍. ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം നാളെ രാവിലെ ആലുവയില്‍ നടക്കും.

