വിഴിഞ്ഞം തുറമുഖ പദ്ധതി;അദാനി ഗ്രൂപ്പ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

Update: 2022-09-01 04:48 GMT
കൊച്ചി:വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതി വിധി ഇന്ന്.അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഹോവേ എഞ്ചിനീയറിങ് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ നല്‍കിയ ഹരജികളാണ് ജസ്റ്റിസ് അനു ശിവരാമന്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

വിഴിഞ്ഞത്തേത് സ്വകാര്യ പദ്ധതിയല്ലെന്നായിരുന്നു അദാനി ഗ്രൂപ്പ് പ്രധാനമായും കോടതിയെ അറിയിച്ചത്.സമരത്തെ തുടര്‍ന്ന് തുറമുഖ നിര്‍മ്മാണം നിശ്ചലമായിരിക്കുകയാണെന്നും സമരക്കാരില്‍ നിന്നും സംരക്ഷണം വേണമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. സമരക്കാര്‍ അതീവ സുരക്ഷാ മേഖല കൈയ്യേറിയെന്നും,സമരക്കാര്‍ പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കടക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തടഞ്ഞില്ലെന്ന് തുറമുഖ നിര്‍മ്മാണ കമ്പനി വ്യക്തമാക്കി.നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി നടത്തുന്ന സമരത്തെ നേരിടുന്നതിന് പരിമിതികളുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സമരത്തിന്റെ പേരില്‍ പദ്ധതി തടയരുതെന്ന് വാദത്തിനിടെ കോടതി നിര്‍ദ്ദേശം നല്‍കിയെങ്കിലും സമരക്കാര്‍ പിന്മാറിയിട്ടില്ല. ഇതിനിടെയാണ് ഹരജിയില്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ച് ഇന്ന് വിധി പറയുന്നത്.

അതേ സമയം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സമരസമിതി.





Tags: