'ആഗോള കടല്‍വാണിജ്യ ഭൂപടത്തില്‍ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും'; മുഖ്യമന്ത്രി പിണറായി വിജയന്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Update: 2026-01-24 16:49 GMT

തിരുവനന്തപുരം: ആഗോള കടല്‍വാണിജ്യ ഭൂപടത്തില്‍ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ നിശ്ചയിച്ചതിലും 17 വര്‍ഷം മുന്നേ, അതായത് 2028ല്‍ തന്നെ ഈ മൂന്ന് ഘട്ടങ്ങളും സംയോജിപ്പിച്ച് വിഴിഞ്ഞത്തിന്റെ തുടര്‍വികസനം പൂര്‍ത്തിയാക്കും. 2035 മുതല്‍ സംസ്ഥാന സര്‍ക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും. പൂര്‍ണ്ണതോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തിയാകുന്നതിനാല്‍ സര്‍ക്കാരിന്റെ വരുമാനവിഹിതം നേരത്തെ കണക്കാക്കിയതിനേക്കാള്‍ വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2024 ജൂലായില്‍ വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പ് വന്നു. 2025 മെയ് രണ്ടിന് ഈ തുറമുഖം നാടിനു സമര്‍പ്പിക്കുകയും ചെയ്തു. 'ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല' എന്ന് പറഞ്ഞ് ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി കേരളം യാഥാര്‍ഥ്യമാക്കി കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരക്കു നീക്കത്തിനായി കേരളം മറ്റുള്ളവരെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയില്‍ കേരളം ഇന്ന് ഒരു പ്രധാന ശക്തിയായി മാറുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ ആഗോള കപ്പല്‍ ചാലില്‍ കേരളത്തിന്റെ പേര് സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.

പ്രതിവര്‍ഷം 10 ലക്ഷം ടിയുഇ ആയിരുന്നു ആദ്യഘട്ടത്തില്‍ വിഴിഞ്ഞത്തിന്റെ ശേഷി. എന്നാല്‍ വെറും 10 മാസം കൊണ്ട് ഈ ലക്ഷ്യം മറികടന്നു. ലോകത്തൊരു പോര്‍ട്ടിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ലോകോത്തര നിലവാരത്തിലുള്ള ഓട്ടോമേഷന്‍ സാങ്കേതികവിദ്യയും ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവുമാണ് ഈ നേട്ടത്തിനു പിന്നില്‍.

ആദ്യ വര്‍ഷം തന്നെ 615 കപ്പലുകളും 1.32 ദശലക്ഷം കണ്ടെയ്നറുകളും വിഴിഞ്ഞം കൈകാര്യം ചെയ്തു. 2025 ഡിസംബറില്‍ മാത്രം 1.21 ലക്ഷം ടിഇയു കൈകാര്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകള്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. അതുവഴി ഈ തുറമുഖത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു.

പ്രതിമാസം 50ലേറെ കപ്പലുകള്‍ ഈ തുറമുഖത്ത് വന്നുപോകുന്നു. ചുരുങ്ങിയ സമയംകൊണ്ട് 1,000 കപ്പലുകള്‍ എന്ന നേട്ടം കയ്യെത്തും ദൂരത്തുണ്ട്. വിഴിഞ്ഞത്തിന് മുന്‍പു പ്രവര്‍ത്തനം തുടങ്ങിയ പല തുറമുഖങ്ങളേയും പിന്നിലാക്കിയാണ് വിഴിഞ്ഞത്തിന്റെ ഈ കുതിപ്പ്. നാടിനാകെ അഭിമാനകരമായ കാര്യമാണിത്.

ഇന്ത്യയില്‍ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിന്‍ ഓപ്പറേറ്റര്‍മാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞത്തിനാണ്. വിഴിഞ്ഞം സ്വദേശികളായ സ്ത്രീകളെ കണ്ടെത്തി പരിശീലിപ്പിച്ചാണ് മാതൃകാപരമായ ഈ നേട്ടം കൈവരിച്ചത്. സ്ത്രീസൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തെ ഇമിഗ്രേഷന്‍ ചെക്ക്പോസ്റ്റായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിലൂടെ അന്താരാഷ്ട്ര കപ്പല്‍ പാതയിലെ പ്രധാന കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബാകുന്നതോടൊപ്പം ഒരു പ്രധാന ക്രൂ ചേഞ്ച് ഹബ്ബായും വിഴിഞ്ഞം ശക്തിപ്പെടും. ആഡംബര ക്രൂയിസ് കപ്പലുകള്‍ക്കും ഇനിമുതല്‍ വിഴിഞ്ഞത്ത് എത്തിച്ചേരുവാന്‍ സാധിക്കും. ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് നല്‍കുന്ന ഉത്തേജനം ചെറുതല്ല.

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുകയാണ്. നിലവിലെ 800 മീറ്റര്‍ കണ്ടെയ്നര്‍ ബെര്‍ത്ത് 2,000 മീറ്ററായി വികസിപ്പിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടു കൂടി രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്നര്‍ ബെര്‍ത്ത് എന്ന നേട്ടവും വിഴിഞ്ഞം തുറമുഖം സ്വന്തമാക്കും.

അതേപോലെ, നിലവിലുള്ള 2.96 കിലോമീറ്റര്‍ പുലിമുട്ട് 3.88 കിലോമീറ്ററായും വര്‍ദ്ധിപ്പിക്കും. നിലവില്‍ തുറമുഖത്തിനായി നിര്‍മ്മിച്ചിട്ടുള്ള പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴം കൂടിയ പുലിമുട്ടാണ്. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയൊന്നും ഏറ്റെടുക്കേണ്ടി വരുന്നില്ല. പകരം കടല്‍ നികത്തിയാണ് ആവശ്യമായ ഭൂമി കണ്ടെത്തുന്നത്. നിലവിലുള്ളവയ്ക്കു പുറമെ 12 പുതിയ ഷിപ്പ് ടു ഷോര്‍ ക്രെയിനുകള്‍, 27 പുതിയ യാര്‍ഡ് ക്രെയിനുകള്‍ എന്നിവ സ്ഥാപിക്കും.

തുറമുഖത്തിന്റെ ഒന്നാം ഘട്ടം 24,000 ടിഇയു കണ്ടെയ്നര്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ളതാണ്. എന്നാല്‍ തുടര്‍ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ, 28,840 ടിഇയുവരെ ശേഷിയുള്ള നെക്സ്റ്റ് ജെന്‍ കണ്ടെയ്നര്‍ കപ്പലുകളേയും കൈകാര്യം ചെയ്യാന്‍ ഈ തുറമുഖം സജ്ജമാകും. മറ്റൊരു പ്രധാന കാര്യം, ഒരേസമയം അഞ്ച് മദര്‍ഷിപ്പുകള്‍ വരെ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ തുറമുഖം വികസിക്കും എന്നതാണ്.

ഇന്ത്യന്‍ തുറമുഖങ്ങളെ സേവിക്കുന്ന ഒരു ദേശീയ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലായി പ്രവര്‍ത്തനമാരംഭിച്ച വിഴിഞ്ഞം തുറമുഖം, പൂര്‍ണ്ണ വികസനം കൈവരിക്കുന്നതോടെ രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബായി ഉയരും. അതായത്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള തുറമുഖങ്ങളിലടക്കം, സേവനം എത്തിക്കുന്ന ഒരു അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ആരംഭിക്കുന്ന രണ്ടാംഘട്ട വികസനം സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കും.

വിഴിഞ്ഞത്ത് ഇതുവരെ ട്രാന്‍ഷിപ്മെന്റ് മാത്രമാണ് നടത്തിവന്നിരുന്നത്. ഇപ്പോള്‍ റോഡു വഴിയുള്ള ചരക്കുനീക്കത്തിന് തയാറായിക്കഴിഞ്ഞു. തുറമുഖത്തേയും ദേശീയപാതയേയും ബന്ധിപ്പിക്കുന്ന റോഡ് പൂര്‍ത്തിയായിരിക്കുന്നു. ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ റോഡുവഴിയുള്ള ചരക്കു നീക്കവും ആരംഭിക്കും. ഈ തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിനായി 5,500 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മുടക്കിയത്. രാജ്യത്ത് മറ്റൊരു സര്‍ക്കാരും തുറമുഖ നിര്‍മ്മാണത്തിനായി ഇത്രയും വലിയൊരു നിക്ഷേപം നടത്തിയിട്ടില്ല. രാജ്യത്തിനാകെ പ്രയോജനം ലഭിക്കുന്ന പദ്ധതിയായാണ് ഇതിനെ കാണേണ്ടത്.

വിഴിഞ്ഞത്തിന്റെ തീരത്ത് നിന്ന് ലോകത്തിനു കേരളം നല്‍കുന്ന വലിയ സന്ദേശം ഇതാണ് 'കേരളം മാറുകയാണ്, കേരളം മുന്നേറുകയാണ്'. ഇനിയും ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചെയ്യാനുണ്ട്. ജനങ്ങളുടെയാകെ പിന്തുണയോടെ അവയും പൂര്‍ത്തീകരിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തീരദേശ മേഖലയുടെ വികസനത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലും തുറമുഖം മാതൃകയാകുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. മാരിടൈം മേഖലയില്‍ കേരളത്തിന് നിര്‍ണായക സ്ഥാനമുണ്ട്. കാലങ്ങളായി ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമായി നിലനില്‍ക്കുന്ന ഇടമാണ് കേരളം. രാജ്യത്തിന്റെ ലോജിസ്റ്റിക് മേഖലയില്‍ കേരളം സുപ്രധാന പങ്കുവഹിക്കുന്നുവെന്നും സോനോവാള്‍ കൂട്ടിച്ചേര്‍ത്തു.

ഓഖി ദുരന്തം, പ്രളയം, കോവിഡ് മഹാമാരി, അസംസ്‌കൃത വസ്തുക്കളുടെ അഭാവം, തുടങ്ങിയ നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മറികടന്നത് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സഹായിച്ചെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തുറമുഖമന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പദ്ധതിയുടെ പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്തത് മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികൊണ്ടാണ്.

ദുബായിലോ കൊളംബോയിലോ പോലും വരാത്ത എംഎസ്‌സി ബെറോണ, എംഎസ്‌സി ടര്‍ക്കി, എംഎസ്‌സി ഐറീന തുടങ്ങിയ ഭീമന്‍ കപ്പലുകള്‍ ഉള്‍പ്പെടെ 42 ഓളം കപ്പലുകള്‍ ഇതിനോടകം വിഴിഞ്ഞത്തെത്തി. റെയില്‍വേ, എന്‍എച്ച് 66 എന്നിവയുമായുള്ള കണക്റ്റിവിറ്റി ജോലികള്‍ പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കരമാര്‍ഗ്ഗമുള്ള ചരക്ക് ഗതാഗതം ആരംഭിക്കാന്‍ സാധിക്കും. അടുത്ത ഘട്ട നിര്‍മ്മാണത്തില്‍, നിലവിലുള്ള 3000 മീറ്റര്‍ ബ്രേക്ക് വാട്ടര്‍ 4000 മീറ്ററായി വര്‍ദ്ധിപ്പിക്കും. കൂടാതെ, നിലവിലെ 800 മീറ്റര്‍ ബര്‍ത്ത് 1200 മീറ്ററായി ഉയര്‍ത്തുന്നതോടെ ഒരേ സമയം അഞ്ച് മദര്‍ ഷിപ്പുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകും. ഹെല്‍ത്ത് സെന്ററുകള്‍, കുടിവെള്ളം, സ്‌കൂള്‍ നവീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളും വിഴിഞ്ഞം പദ്ധതിക്കൊപ്പം പ്രദേശത്ത് നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മേയര്‍ അഡ്വ. വി വി രാജേഷ്, അഡ്വ. എ എ റഹിം എംപി, എംഎല്‍എമാരാരായ അഡ്വ. എം വിന്‍സന്റ്, ഒ എസ് അംബിക, കടകംപള്ളി സുരേന്ദ്രന്‍, സി കെ ഹരീന്ദ്രന്‍, കെ ആന്‍സലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി, മറ്റ് ജനപ്രതിനിധികള്‍, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ മാനേജിങ് ഡയറകര്‍ കരണ്‍ അദാനി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ കൗശിഗന്‍, വിഐഎസ്എല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: