'വിഴിഞ്ഞം നാടിന്റെ സ്വപ്നം, കേരളത്തിലൊന്നും നേരെ ചൊവ്വേ നടക്കില്ലെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് വിഴിഞ്ഞം തുറമുഖം'; മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന്റെ സ്വപ്നമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞം മാറാന്‍ പോകുകയാണെന്നും അന്താരാഷ്ട്ര ഭൂപടത്തില്‍ ഇത് ഒരു നിര്‍ണായക സ്ഥാനമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ന് മുന്‍പ് യുഡിഎഫ് കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായത് എല്‍ഡിഎഫ് സര്‍ക്കാരിനാണ്. എത്രയോ പതിറ്റാണ്ട് ആ സ്വപ്നം പേറി നടന്നു. ഓരോ വട്ടവും വിഴിഞ്ഞം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടെന്നും വിഴിഞ്ഞം രണ്ടാം നിര്‍മാണ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര ഭൂപടത്തില്‍ എണ്ണപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറാന്‍ പോകുകയാണ്. കേരളത്തില്‍ ഒന്നും നേരെ ചൊവ്വേ നടക്കില്ലെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ സാധ്യമല്ലെന്നും ആക്ഷേപിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള കൃത്യമായ മറുപടിയാണ് വിഴിഞ്ഞം ഉള്‍പ്പെടെയുള്ള പദ്ധതികളുടെ യാഥാര്‍ത്ഥ്യമാക്കലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വികസന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. നാടിന് ഗുണകരമാകുന്ന പദ്ധതികളെ തടസങ്ങള്‍ അതിജീവിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അതിന്റെ ഫലമാണ് ഇന്ന് കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ വിഴിഞ്ഞം കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക നട്ടെല്ലായി മാറിക്കഴിഞ്ഞു. നേരത്തെ കൊളംബോയിലേക്കും സിംഗപ്പൂരിലേക്കും മാത്രം പോയിക്കൊണ്ടിരുന്നു ലോകത്തെ ഭീമന്‍ കപ്പലുകള്‍ ഇവിടെ എത്തിത്തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അദാനി പോര്‍ട്ടിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണമുണ്ടായി. ആഗോള കപ്പല്‍ ചാലില്‍ കേരളത്തിന്റെ പേര് സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ടു. ചരക്ക് നീക്കത്തിന് മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു, ഇന്ത്യയുടെ ലോജിസ്റ്റിക്ക് മേഖലയില്‍ കേരളം ഇന്ന് പ്രധാനശക്തിയായി മാറാനാണ് പോകുന്നത് കണ്മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യമാണ് അതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016 മുതല്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് മഹാമാരി, പദ്ധതിക്ക് ആവശ്യമായ ഘടകങ്ങള്‍ക്കുണ്ടായ തടസ്സങ്ങള്‍ എന്നിവ നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും, അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം 2016ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിനാണ് ലഭിച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി ഏകദേശം 5,500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഒരു തുറമുഖ നിര്‍മ്മാണത്തിനായി ഇത്ര വലിയ നിക്ഷേപം നടത്തിയിട്ടില്ലെന്നും ഇത് വിഴിഞ്ഞത്തെ ഇന്ത്യയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

