വിതുര പീഡനക്കേസ്; ഒന്നാം പ്രതി സുരേഷിന് 37 വര്‍ഷം കഠിനതടവ്

Update: 2026-04-11 09:23 GMT

കോട്ടയം: വിതുര പീഡനക്കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി സുരേഷിന് 37 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയും വിവിധ സ്ഥലങ്ങളില്‍ വില്‍ക്കുകയും ചെയ്ത കേസിലാണ് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യുടെ വിധി.

നിലവില്‍ മറ്റൊരു കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് സുരേഷ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ മറ്റു രണ്ട് കേസുകളിലെ ശിക്ഷാവിധി ഈ മാസം 13-ന് പ്രഖ്യാപിക്കും. വിവിധ വകുപ്പുകളിലായി 14,000 രൂപ പിഴ അടയ്ക്കണം. തുക ഇരയായ പെണ്‍കുട്ടിക്ക് കൈമാറണം.

1995-ലാണ് വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ ബന്ധുവായ യുവതി പ്രലോഭിപ്പിച്ച് വീട്ടില്‍ നിന്നിറക്കി സുരേഷിന് കൈമാറുന്നത്. തുടര്‍ന്ന് എട്ടുമാസത്തോളം സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറി പീഡിപ്പിച്ചു എന്നാണ് കേസ്. 24 കേസുകളിലായി സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളാണ് വിചാരണ നേരിടുന്നത്.

Tags: