വിഐടി യൂണിവേഴ്‌സിറ്റി ക്യാംപസില്‍ മഞ്ഞപ്പിത്തം പടരുന്നു; അധികൃതരുടെ അനാസ്ഥക്കെതിരേ വിദ്യാര്‍ഥി പ്രതിഷേധം

Update: 2025-11-26 10:39 GMT

ഇന്‍ഡോര്‍: വിഐടി യൂണിവേഴ്‌സിറ്റി ക്യാംപസില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അധികൃതരുടെ അനാസ്ഥക്കെതിരേ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഇന്നലെ രാത്രിയാണ് സംഭവം. ഹോസ്റ്റലിലെ ശുചിത്വക്കുറവും മലിനജല ഉപയോഗവുമാണ് രോഗവ്യാപനത്തിന് കാരണമെന്ന ആക്ഷേപവുമായി നാലായിരത്തോളം വിദ്യാര്‍ഥികളാണ് ക്യാംപസില്‍ ഒത്തുകൂടിയത്.

24 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആരോപണം. പരാതിയെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരും ഹോസ്റ്റല്‍സ്റ്റാഫും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അസഹനീയമായ സാഹചര്യത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. ക്യാംപസിലെ നിരവധി വാഹനങ്ങളും സര്‍വകലാശാലയുടെ സ്വത്തുക്കളും നശിപ്പിക്കപ്പെട്ടു. ചാന്‍സലറുടെ വസതിയിലേക്കും വിദ്യാര്‍ഥികള്‍ അക്രമപരമായി നീങ്ങിയതായാണ് റിപോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് ക്യാംപസില്‍ പോലിസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. നിലവില്‍ ക്യാംപസിലെ സാഹചര്യം സാധാരണ നിലയിലെത്തിയതായി പോലിസ് സൂപ്രണ്ട് ദീപക് ശുക്ല അറിയിച്ചു. സുരക്ഷാ ആലോചനകളോടെ നവംബര്‍ 30 വരെ കോളജ് അടച്ചിടുകയും രോഗബാധിതരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതികളിലെ വീഴ്ചകളും ആരോഗ്യസുരക്ഷാ പ്രശ്‌നങ്ങളും വിശദമായി പരിശോധിക്കുമെന്ന് പോലിസ് വ്യക്തമാക്കി.

Tags: