സന്ദർശന വിസക്കാർക്ക്​ ഇന്ന് മുതൽ മക്കയിൽ പ്രവേശിക്കുന്നതിന്​ വിലക്ക്​

Update: 2024-05-23 08:40 GMT

ജിദ്ദ: സൗദിയില്‍ സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ ഒരു മാസത്തേക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനും വിലക്ക്. എല്ലാത്തരം സന്ദര്‍ശന വിസകള്‍ക്കും തീരുമാനം ബാധകമാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സന്ദര്‍ശന വിസകള്‍ കൈവശമുള്ളവരെ മക്കയില്‍ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ല. ദുല്‍ഖഅദ് 15 (മെയ് 23 വ്യാഴം) മുതല്‍ ദുല്‍ഹജ്ജ് 15 (ജൂണ്‍ 21 വെള്ളി) വരെ ഒരു മാസത്തേക്കാണ് വിലക്ക്. വിവിധ പേരുകളിലുള്ള സന്ദര്‍ശക വിസകള്‍ ഹജ്ജ് നിര്‍വഹിക്കാനുള്ള പെര്‍മിറ്റായി കണക്കാക്കില്ല. നിയമം ലംഘിക്കുന്നവര്‍ രാജ്യത്തെ നിയമങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് കനത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയമായിരിക്കുമെന്നും നിയമലംഘകരെ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    അതെ സമയം, നുസ്‌ക് ആപ്ലിക്കേഷന്‍ വഴി ഉംറ പെര്‍മിറ്റുകള്‍ നല്‍കുന്നതും ഇന്ന് മുതല്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഉംറ പെര്‍മിറ്റുകള്‍ ഇനി ദുല്‍ഹജ്ജ് 15 ന് ശേഷം മാത്രമേ അനുവദിക്കൂ. മക്കയില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് പ്രയാസരഹിതമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും വേണ്ടിയാണ് നിയമം കര്‍ശനമാക്കിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതോടൊപ്പം രാജ്യത്തെ വിവിധ മേഖലകളില്‍ അനധികൃത ഹജ്ജ് സ്ഥാപനങ്ങളെ പിടികൂടാനുള്ള നടപടികള്‍ സുരക്ഷ വകുപ്പിന് കീഴില്‍ തുടരുകയാണ്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News