വിസിറ്റ് വിസ കാലാവധി ലംഘനം; 2,000 ദിനാര്‍ വരെ പിഴ

Update: 2026-02-14 05:46 GMT

കുവൈത്ത് സിറ്റി: വിസിറ്റ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ക്കെതിരേ കുവൈത്ത് അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. സ്റ്റാന്‍ഡേര്‍ഡ് വിസിറ്റ് വിസയ്ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസയ്ക്ക് മൂന്നു മാസവുമാണ് അനുവദനീയമായ കാലയളവ്. രാജ്യത്ത് പ്രവേശിച്ച തിയ്യതി മുതലാണ് കാലാവധി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള വിസകള്‍ക്ക് ഗ്രേസ് പീരിയഡ് അനുവദിച്ചിട്ടില്ല.

സന്ദര്‍ശന വിസ, അടിയന്തര എന്‍ട്രി പെര്‍മിറ്റ്, ഡ്രൈവര്‍ വിസ എന്നിവയില്‍ കാലാവധി ലംഘിക്കുന്നവര്‍ക്ക് പ്രതിദിനം 10 ദിനാര്‍ വീതം പിഴ ഈടാക്കും. പരമാവധി 2,000 ദിനാര്‍ വരെയാണ് ഈ വിഭാഗത്തില്‍ പിഴ നിശ്ചയിച്ചിരിക്കുന്നത്. റെസിഡന്‍സി പെര്‍മിറ്റ് ലഭിക്കാതെയോ പുതുക്കാതെയോ തുടരുന്ന വിദേശികള്‍ക്ക് പരമാവധി 1,200 ദിനാര്‍ വരെ പിഴ ചുമത്തും. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി പിഴയുടെ പരമാവധി പരിധി 600 ദിനാര്‍ ആണെന്നും അധികൃതര്‍ അറിയിച്ചു.

പിഴ അടയ്ക്കാതെ തുടരുന്നവര്‍ക്ക് ഭാവിയിലെ രാജ്യപ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സന്ദര്‍ശകര്‍ വിസ നിയമങ്ങളും കാലാവധി ലംഘനവുമായി ബന്ധപ്പെട്ട പിഴകളും ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.

Tags: