കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ വിസ ഉടനടി റദ്ദാക്കും; യുഎസ് വിസ അവകാശമല്ല, പ്രത്യേകാവകാശം: യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

Update: 2025-07-16 10:47 GMT

വാഷിങ്ടണ്‍: യുഎസ് വിസ അവകാശമല്ലെന്നും ഒരു പ്രത്യേക അവകാശമാണെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. വിസ റദ്ദാക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്ത വരുത്തി യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പരാമര്‍ശം.

അമേരിക്കയിലായിരിക്കുമ്പോള്‍ ആക്രമണം, ഗാര്‍ഹിക പീഡനം അല്ലെങ്കില്‍ മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികളുടെ വിസ ഉടനടി റദ്ദാക്കുമെന്നും ഭാവിയില്‍ യുഎസ് വിസകള്‍ക്ക് അവര്‍ യോഗ്യരല്ലെന്നും വകുപ്പ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

'അമേരിക്കയില്‍ ആയിരിക്കുമ്പോള്‍ ആക്രമണം, ഗാര്‍ഹിക പീഡനം അല്ലെങ്കില്‍ മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് നിങ്ങള്‍ അറസ്റ്റിലായാല്‍, നിങ്ങളുടെ യുഎസ് വിസ റദ്ദാക്കപ്പെട്ടേക്കാം, ഭാവിയിലെ യുഎസ് വിസകള്‍ക്ക് നിങ്ങള്‍ യോഗ്യനല്ലായിരിക്കാം. വിസ ഒരു പ്രത്യേകാവകാശമാണ്, അവകാശമല്ല. നിയമം ലംഘിച്ചാല്‍ റദ്ദാക്കാവുന്ന ഒന്നാണ് അത്, എന്നാണ് പ്രസ്താവന.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ക്രമസമാധാനത്തെയും പൊതു സുരക്ഷയെയും വിലമതിക്കുന്നുവെന്നും അമേരിക്കയിലേക്ക് വരുന്നവര്‍ നിയമം പാലിക്കണമെന്നും അല്ലെങ്കില്‍ പിന്നീട് അതിന് യോഗ്യതയുണ്ടാകില്ലെന്നും സ്‌റ്റേറ്റ് ഡിപ്ാര്‍ട്ട്‌മെന്റ് പറഞ്ഞു. വിസ നല്‍കിയതിനു ശേഷവും യുഎസ് വിസ പരിശോധന അവസാനിക്കുന്നില്ലെന്നും എല്ലാ യുഎസ് നിയമങ്ങളും ഇമിഗ്രേഷന്‍ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തുടര്‍ച്ചയായി പരിശോധിക്കുകയും ചെയ്യുമെന്നും സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

Tags: