കുവൈത്തില്‍ വിസ ഫീസ് പുനക്രമീകരണം; ഡിസംബര്‍ 23 മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍
കുവൈത്ത് സിറ്റി: വിസ വിഭാഗങ്ങളും റെസിഡന്‍സി അനുമതികളും സംബന്ധിച്ച ഫീസ് ഘടനയില്‍ പരിഷ്‌കരണം നടപ്പാക്കി കുവൈത്ത്. പ്രവാസികളുടെ താമസനിയമത്തിന്റെ പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് ഔദ്യോഗിക ഗസറ്റിലൂടെ പുറത്തിറക്കി. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങളാണ് ഈ പരിഷ്‌കരണങ്ങളിലൂടെ നടപ്പാക്കുന്നത്. പുതിയ ചട്ടങ്ങള്‍ ഡിസംബര്‍ 23 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമപ്രകാരം എന്റ്രി വിസ, സന്ദര്‍ശക വിസ, തൊഴില്‍ വിസ, കുടുംബാംഗങ്ങളുടെ താമസാനുമതി തുടങ്ങി ഭൂരിഭാഗം വിസകള്‍ക്കും മാസം 10 ദിനാര്‍ വീതമായിരിക്കും ഫീസ്. സര്‍ക്കാര്‍സ്വകാര്യ തൊഴില്‍ വിസകള്‍, ബിസിനസ്‌വ്യവസായ സന്ദര്‍ശനം, കുടുംബസ്വകാര്യ സന്ദര്‍ശനം, മെഡിക്കല്‍, ടൂറിസ്റ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി, കായികസാംസ്‌കാരിക വിസകള്‍, ട്രാന്‍സിറ്റ് വിസകള്‍ എന്നിവയ്ക്കും ഇതേ നിരക്കാണ്.
താമസാനുമതികളുടെ ഫീസ് വിഭാഗമനുസരിച്ച് വ്യത്യാസപ്പെടുന്നു. സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ തൊഴില്‍ റെസിഡന്‍സികള്‍ക്കും വിദേശ വിദ്യാര്‍ഥികള്‍ക്കും വര്‍ഷം 20 ദിനാര്‍, സ്വദേശികളുടെ കീഴിലുള്ള ആഭ്യന്തര സഹായികള്‍ക്ക് 10 ദിനാര്‍, പ്രവാസികളുടെ കീഴില്‍ ജോലി ചെയ്യുന്ന ആഭ്യന്തര സഹായികള്‍ക്ക് 50 ദിനാര്‍, ബിസിനസ് പങ്കാളികള്‍ക്കും നിക്ഷേപകര്‍ക്കും ഭൂവുടമകള്‍ക്കും 50 ദിനാര്‍ എന്നിങ്ങനെയാണ് വാര്‍ഷിക റെസിഡന്‍സി ഫീസ്. ഏറ്റവും വലിയ വര്‍ധന സ്വയം സ്‌പോണ്‍സര്‍ഷിപ്പ് (ആര്‍ട്ടിക്കിള്‍ 24) വിഭാഗത്തിലാണ്. നിലവിലെ 10 ദിനാര്‍ ഫീസ് 500 ദിനാറാക്കി ഉയര്‍ത്തി. ഇവരുടെ ആശ്രിതര്‍ക്കുള്ള വാര്‍ഷിക ഫീസ് 100 ദിനാറായി നിശ്ചയിച്ചു. കുടുംബ ആശ്രിതര്‍ക്ക് ഫീസ് ബന്ധത്തിന്റെ സ്വഭാവപ്രകാരം പുനക്രമീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഭാര്യയ്ക്കും മക്കള്‍ക്കും 20 ദിനാര്‍, നിക്ഷേപകര്‍, ഭൂവുടമകള്‍, മതപണ്ഡിതര്‍ എന്നിവരുടെ ആശ്രിതര്‍ക്ക് 40 ദിനാര്‍, സ്വയം സ്‌പോണ്‍സര്‍ഷിപ്പുകാര്‍ക്ക് 100 ദിനാര്‍, ബന്ധുക്കളുടെ വിസ (ആര്‍ട്ടിക്കിള്‍ 29) 300 ദിനാര്‍ എന്നിങ്ങനെയാണ് നിരക്ക്.
സ്വദേശി സ്ത്രീകളുടെ വിദേശ വിവാഹത്തിലൂടെ ജനിക്കുന്ന മക്കള്‍, സ്വദേശികളുടെ ഭാര്യമാര്‍, സ്വദേശികളുടെ വിദേശ മക്കള്‍, സ്വദേശികളുടെ കുടുംബങ്ങളില്‍ ജോലി ചെയ്യുന്ന ആഭ്യന്തര സഹായികള്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ക്ക് ഫീസ് ഒഴിവുകളും പ്രത്യേക ഇളവുകളും അനുവദിച്ചിട്ടുണ്ട്. താല്‍ക്കാലിക താമസാനുമതി, സന്ദര്‍ശക വിസ നീട്ടല്‍, പുറപ്പെടല്‍ നോട്ടീസ് തുടങ്ങിയ സേവനങ്ങള്‍ക്ക് മാസം 5 മുതല്‍ 10 ദിനാര്‍ വരെ ഫീസ് ഈടാക്കും. വിസയും റെസിഡന്‍സിയും സംബന്ധിച്ച എല്ലാ നിയമങ്ങളും ഏകീകരിച്ച് കൂടുതല്‍ സുതാര്യവും വേഗത്തിലുമായ നടപടികള്‍ ഉറപ്പാക്കുന്നതിനാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം.

