വികാസ് ഭാരത് ജി റാം ജി ബില്ലിനെ രാജ്യവ്യാപകമായി തന്നെ എതിര്‍ക്കും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വികാസ് ഭാരത് ജി റാം ജി ബില്ലിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 20 വര്‍ഷത്തെ എംഎന്‍ആര്‍ഇജിഎ ഒറ്റ ദിവസം കൊണ്ട് മോദി സര്‍ക്കാര്‍ പൊളിച്ചുമാറ്റിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു. ശരിയായ പരിശോധന കൂടാതെയാണ് സര്‍ക്കാര്‍ വികാസ് ഭാരത് ജി റാം ജി ബില്‍ പാര്‍ലമെന്റ് പാസാക്കിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
എംഎന്‍ആര്‍ഇജിഎയ്ക്ക് പകരമായി അവതരിപ്പിച്ച പുതിയ ബില്ലായ വികാസ് ഭാരത് ജി റാം ജി ഗ്രാമവിരുദ്ധമാണെന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. ഗ്രാമീണ ഇന്ത്യയുടെ, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളുടെ ശക്തി ദുര്‍ബലപ്പെടുത്തുക, അധികാരം കേന്ദ്രീകരിക്കുക, എന്നതാണ് അവരുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, ശരിയായ പരിശോധന കൂടാതെ ഈ നിയമം പാര്‍ലമെന്റില്‍ ബലപ്രയോഗത്തിലൂടെ പാസാക്കി എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബില്ല് ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിക്കപ്പെട്ടു. ദശലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന ഗ്രാമീണ സാമൂഹിക കരാറില്‍ മാറ്റം വരുത്തുന്ന ഒരു നിയമം, ഗൗരവമായ കമ്മിറ്റി പരിശോധന, വിദഗ്‌ദ്ധോപദേശം, പൊതു ഹിയറിംഗുകള്‍ എന്നിവ കൂടാതെ ഒരിക്കലും നിര്‍ബന്ധിച്ച് പാസാക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'കോവിഡ് കാലത്ത് എംഎന്‍ആര്‍ഇജിഎയുടെ പ്രാധാന്യം ഞങ്ങള്‍ കണ്ടു. സമ്പദ്വ്യവസ്ഥ അടച്ചുപൂട്ടപ്പെടുകയും ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുകയും ചെയ്തപ്പോള്‍, എംഎന്‍ആര്‍ഇജിഎ ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയില്‍ നിന്നും കടത്തില്‍ നിന്നും രക്ഷിച്ചു' രാഹുല്‍ഗാന്ധി പറഞ്ഞു. സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതല്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ പ്രവൃത്തി ദിനങ്ങള്‍ വര്‍ധിച്ചു.
ലോകത്തിലെ ഏറ്റവും വിജയകരമായ ദാരിദ്ര്യ നിര്‍മാര്‍ജന, ശാക്തീകരണ പദ്ധതികളില്‍ ഒന്നായിരുന്നു എംഎന്‍ആര്‍ഇജിഎ. ഗ്രാമീണ ദരിദ്രരുടെ അവസാന പ്രതിരോധനിരയെ നശിപ്പിക്കാന്‍ ഈ സര്‍ക്കാരിനെ ഞങ്ങള്‍ അനുവദിക്കില്ല. ഈ നീക്കത്തെ പരാജയപ്പെടുത്താന്‍ തൊഴിലാളികള്‍ക്കും പഞ്ചായത്തുകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഒപ്പം നില്‍ക്കുകയും ഈ നിയമം പിന്‍വലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി ഒരു മുന്നണി രൂപീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
