വിജയിയുടെ 'ജനനായകന്‍' സിനിമ ചോര്‍ന്നു; ലീക്കായത് റിലീസാവാത്ത ചിത്രത്തിന്റെ എച്ച്ഡി പതിപ്പ്

Update: 2026-04-10 06:53 GMT

ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ് നായകനായ ജനനായകന്‍ ചിത്രത്തിന്റെ ഫുള്‍ എച്ച്ഡി പതിപ്പ് ചോര്‍ന്നു. പ്രദര്‍ശനാനുമതി കാത്തിരിക്കുന്ന ചിത്രത്തിന്റെ വിവിധഭാഗങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകര്‍ത്തിയ അഞ്ചരമിനിറ്റോളം ദൈര്‍ഘ്യമുള്ള ക്ലിപ്പുകളാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ മുഴുവന്‍ ചിത്രവും അപ്ലോഡ് ചെയ്തു. ചിത്രത്തിന് ഇനിയും സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. മൂന്ന് മണിക്കൂര്‍ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്.

സിനിമയുടെ ഇന്‍ട്രോയും ക്ലൈമാക്സും അടക്കമുള്ള രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. റിലീസ് പോലും ചെയ്യാത്ത സിനിമയുടെ പ്രിന്റ് എങ്ങനെ ലീക്ക് ആയെന്നാണ് ഇനി കണ്ടെത്തേണ്ടത്. പറയപ്പെടുന്ന സീനുകള്‍ക്ക് പുറമേ കൂടുതല്‍ ഭാഗങ്ങള്‍ പ്രചരിക്കുന്നതായി ചില സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ചൂണ്ടിക്കാണിച്ചു. ലാപ്ടോപ്പില്‍ എടുത്ത വീഡിയോകളാണ് പ്രചരിക്കുന്നത്. ദളപതി കച്ചേരി പാട്ടിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

ആയിരക്കണക്കിന് ആളുകള്‍ ഇതിനോടകം ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞുവെന്നാണ് വിവരം. എക്സിന് പുറമേ യൂട്യൂബ്, റെഡ്ഡിറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്റെ ഭാഗങ്ങള്‍ പ്രചരിക്കുന്നതായി പറയപ്പെടുന്നു. രാഷ്ട്രീയ പ്രവേശനത്തിലേക്ക് കടക്കുന്ന താരത്തിന്റെ അവസാന ചിത്രമാണ് ജനനായകന്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്‍ ആദ്യ ദിനം വലിയ കളക്ഷന്‍ നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. അതേസമയം നിര്‍മാതാക്കള്‍ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

Tags: