തമിഴ്നാട്ടില്‍ പൊതുപരിപാടി സംഘടിപ്പിച്ച് വിജയ്; കാണാനെത്തിയത് 35000ത്തിലധികം പേര്‍
ചെന്നൈ: കരൂരില്‍ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച് മാസങ്ങള്‍ക്ക് ശേഷം, തമിഴ്നാട്ടില്‍ ആദ്യ പൊതുപരിപാടി സംഘടിപ്പിച്ച് നടനും രാഷ്ട്രീയ നേതാവുമായ വിജയ്. ഈറോഡില്‍ നടക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിയോടെയാണ് വിജയ് വീണ്ടും പൊതുരംഗത്ത് സജീവമാകുന്നത്. മുന്‍ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ശക്തനായ കെ എ സെങ്കോട്ടയ്യന്‍ നേതൃത്വം നല്‍കുന്ന പരിപാടി പെരുന്തുറയിലെ വിജയമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപമുള്ള വേദിയിലാണ് പുരോഗമിക്കുന്നത്.
വിഐപികള്‍, സ്ത്രീകള്‍, പാര്‍ട്ടി ഭാരവാഹികള്‍, പാര്‍ട്ടി കേഡര്‍മാര്‍ എന്നിവര്‍ക്കായി പ്രത്യേക ലോഞ്ചുകള്‍ നിര്‍മ്മിക്കുന്നത് മുതല്‍ വിപുലമായ ക്രമീകരണങ്ങള്‍ വേദിയില്‍ ഒരുക്കിയിട്ടുണ്ട്.ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നേതൃത്വം കര്‍ശനമായി അഭ്യര്‍ഥിച്ചു. വേദിയില്‍ 60 ലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഭരണകക്ഷിയായ ഡിഎംകെയെ പൈശാചികമെന്നും ടിവികെയെ ശുദ്ധമായതെന്നും വിളിച്ചാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്. ഡിഎംകെയും പ്രശ്‌നങ്ങളും ഫെവിക്കോളുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും അവയെ വേര്‍തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നടനെ കാണാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗം കേള്‍ക്കാനും 35000ത്തിലധികം പേരാണ് എത്തിയിരിക്കുന്നത്.