അഴിമതി കേസുകളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നില്‍; 41 കേസുകളില്‍ വിജിലന്‍സ് അന്വേഷണം
കോഴിക്കോട്: സംസ്ഥാനത്ത് അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കെ പി എ മജീദ് എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് വിവിധ വകുപ്പുകളിലായി നടക്കുന്ന അഴിമതി അന്വേഷണങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കിയത്. നിലവിലെ സര്‍ക്കാരിന്റെ കാലത്ത് അന്വേഷണ ഏജന്‍സികള്‍ നടപടിയെടുത്ത എല്ലാ കേസുകളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, നിലവില്‍ അന്വേഷണം പുരോഗമിക്കുന്ന കേസുകളെക്കുറിച്ചുള്ള വിവരങ്ങളാണ് സഭയില്‍ സമര്‍പ്പിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.
അഴിമതി കേസുകളുടെ എണ്ണത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പാണ് മുന്നിലുള്ളത്. വിജിലന്‍സ് അന്വേഷണത്തില്‍ ഉള്ള 41 കേസുകളാണ് ഈ വകുപ്പില്‍ നിലവിലുള്ളത്. എം ബി രാജേഷാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പും സഹകരണ വകുപ്പും തൊട്ടുപിന്നാലെയാണ്. ഇരു വകുപ്പുകളിലും 26 വീതം കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ 15 കേസുകളും, ആരോഗ്യ വകുപ്പ്, മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് എന്നിവയില്‍ ഒന്‍പത് കേസുകള്‍ വീതമാണ് നിലവിലുള്ളത്.
വനം വകുപ്പില്‍ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ അഞ്ചു കേസുകളും നിലവിലുണ്ട്. മൈനിങ് ആന്‍ഡ് ജിയോളജി, വിദ്യാഭ്യാസം, കൃഷി വകുപ്പുകള്‍ എന്നിവയില്‍ നാലു വീതം കേസുകളിലാണ് അന്വേഷണം നടക്കുന്നത്. വ്യവസായം, ഫിഷറീസ് വകുപ്പുകള്‍ മൂന്നു വീതം കേസുകളോടെ പട്ടികയിലെ അടുത്ത സ്ഥാനങ്ങളിലാണ്. ബീവറേജസ് കോര്‍പ്പറേഷന്‍, കെഎസ്ഇബി, ജലവിഭവ വകുപ്പ്, വഖഫ് ബോര്‍ഡ്, ട്രഷറി വകുപ്പുകള്‍ എന്നിവയില്‍ രണ്ടു വീതം കേസുകളാണുള്ളത്. മറ്റു 22 വകുപ്പുകളില്‍ ഓരോ കേസ് വീതം നിലവിലുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
