വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി ചോദിച്ച അസി. എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍

Update: 2025-11-12 16:33 GMT

കൊച്ചി: വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ ഒന്നരലക്ഷം രൂപ കൈക്കൂലിയാവശ്യപ്പെട്ട കേസില്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ പിടിയില്‍. തേവര ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പാലാരിവട്ടം സ്വദേശി എന്‍ പ്രദീപനെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. തേവര ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍വെച്ച് പ്രദീപന്‍ പരാതിക്കാരനില്‍നിന്ന് 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രദീപനെ വിജിലന്‍സ് പിടികൂടിയത്.

പ്രദീപന്‍ കൈക്കൂലിയാവശ്യപ്പെട്ടെന്നു പറഞ്ഞ് സ്വകാര്യ കെട്ടിടനിര്‍മാണ കമ്പനിയിലെ അസിസ്റ്റന്റ് മാനേജറാണ് വിജിലന്‍സിനെ സമീപിച്ചത്. കമ്പനി പനമ്പള്ളി നഗറിനു സമീപം പണിത നാലുനില കെട്ടിടത്തിനായി താല്‍ക്കാലിക വൈദ്യുതി കണക്ഷനെടുത്തിരുന്നു. പിന്നീട് സ്ഥിരം കണക്ഷന്‍ സ്ഥാപിക്കാന്‍ കെട്ടിട ഉടമയും കമ്പനിയിലെ അസിസ്റ്റന്റ് മാനേജരും കെഎസ്ഇബിയിലെത്തിയപ്പോള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപനെ നേരിട്ടു കണ്ടാല്‍ മാത്രമേ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരമാക്കാന്‍ പറ്റുകയുള്ളൂവെന്നാണ് ഓഫീസില്‍നിന്ന് ഇരുവര്‍ക്കും ലഭിച്ച വിവരമെന്ന് വിജിലന്‍സ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും പ്രദീപനെ നേരിട്ട് കാണുകയായിരുന്നു.

സ്ഥിരം കണക്ഷന്‍ നല്‍കാനും മറ്റു ബുദ്ധിമുട്ടുകളില്‍നിന്ന് ഒഴിവാക്കാനും പ്രദീപന്‍ 1,50,000 രൂപ കൈക്കൂലിയാവശ്യപ്പെട്ടു. കൈക്കൂലി പണവുമായി ബുധനാഴ്ച ഉച്ചക്ക് ഫോണ്‍ ചെയ്തതിനു ശേഷം വരാനും പറഞ്ഞു. എന്നാല്‍, ഈ വിവരം പരാതിക്കാരനായ സ്വകാര്യ കമ്പനിയിലെ അസിസ്റ്റന്റ് മാനേജര്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം പണം നല്‍കുന്നതിനിടെയാണ് പ്രദീപനെ കൈയോടെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.