2019ല്‍ കാണാതായ വിജില്‍ ലഹരി ഉപയോഗം മൂലം മരിച്ചെന്ന്; മൃതദേഹം സരോവരത്തെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയെന്ന് സുഹൃത്തുക്കള്‍
കോഴിക്കോട്: എലത്തൂര്‍ സ്വദേശിയായ വിജില്‍ എന്ന യുവാവിനെ 2019ല്‍ കാണാതായ സംഭവത്തിലെ അന്വേഷണത്തില്‍ വഴിത്തിരിവ്. അമിതമായ ലഹരി ഉപയോഗിച്ച വിജില്‍ മരിച്ചെന്നും പിന്നാലെ മൃതദേഹം കല്ലുകെട്ടി ചതുപ്പില്‍ താഴ്ത്തിയെന്നും സുഹൃത്തുക്കള്‍ പോലിസിനോട് വെളിപ്പെടുത്തി. കേസില്‍ നിഖില്‍, ദീപേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് എലത്തൂര്‍ പോലിസ് കസെടുത്തിരിക്കുന്നത്.
2019 മാര്‍ച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലും പ്രതികളും ചേര്‍ന്ന് സരോവരം പാര്‍ക്കിന് സമീപത്തെ വീട്ടിലിരുന്നാണ് ലഹരി ഉപയോഗിച്ചത്. അടുത്ത ദിവസം രാവിലെ വിജിലിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സരോവരത്തെ ചതുപ്പില്‍ മൃതദേഹം കല്ലുകെട്ടി ചവിട്ടിത്താഴ്ത്തി. വിജിലിനെ കാണാതായതിനെ തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ അടക്കം നോക്കി പോലിസ് അന്വേഷണം നടത്തിയിരുന്നു. നിഖിലും വിജിലും ഈ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്നും പോലിസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും ശാസ്ത്രീയമായ ചോദ്യം ചെയ്യലിലും പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.