ബസില്‍ ലൈംഗികാതിക്രമമെന്ന് വീഡിയോ പ്രചരിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

Update: 2026-01-18 10:06 GMT

കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തനിലയില്‍. ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകി(40)നെയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവും മാതാവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ബസില്‍വെച്ച് ദീപക് ലൈംഗികാതിക്രമം കാട്ടിയെന്ന് യുവതി പരാതിപ്പെട്ടിരുന്നു.

പയ്യന്നൂരില്‍ വെച്ചായിരുന്നു സംഭവം. തിരക്കേറിയ ബസില്‍വെച്ച് ബോധപൂര്‍വം തന്നെ ദേഹത്ത് സ്പര്‍ശിച്ചുവെന്നാരോപിച്ചാണ് യുവതി വീഡിയോ ദൃശ്യം പങ്കുവെച്ചത്. 20 ലക്ഷത്തിലേറെ പേര്‍ വീഡിയോ കാണുകയും നിരവധി പേര്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ദീപകിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു യുവാവെന്നും ദീപകിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലിസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിപ്പെട്ടത്. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് വടകര പോലിസില്‍ പരാതിയും നല്‍കി. വീഡിയോ പ്രചരിച്ചതിനു പിന്നാലെ ദീപക് തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. വീഡിയോയിലൂടെ വ്യക്തിഹത്യ നടത്തിയെന്നും കണ്ടന്റ് ക്രിയേഷനെന്ന നിലയിലാണ് പെണ്‍കുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു.