ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; രാജ്യത്തിന്റെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് ഇന്ത്യ സഖ്യം
ബിആര്‍എസും ബിജെഡിയും വിട്ടു നില്‍ക്കും
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎയില്‍ നിന്നും മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണനും, ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയായി സുപ്രീം കോടതി മുന്‍ ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മല്‍സരം. ഇന്നലെ എംപിമാര്‍ക്കുള്ള മോക് പോള്‍ നടന്നു. ബിആര്‍എസും ബിജെഡിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി അറിയിച്ചിട്ടുണ്ട്. ജഗദീപ് ധന്‍ഖഢ് രാജിവെച്ചതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ്. രാവിലെ പത്തു മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിക്കുക.
അംഗബലത്തില്‍ എന്‍ഡിഎ മുന്നിലാണ്. രാജ്യത്തിന്റെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമെന്നാണ് ഇന്ത്യ സഖ്യം തിരെഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. 781 വോട്ടുകളാണ് ഇരു സഭകളിലുമായിട്ടുള്ളത്. 391 വോട്ടുകളാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ജയിക്കാന്‍ വേണ്ടത്. എന്‍ഡിഎ സഖ്യത്തിനു നിലവില്‍ 423 അംഗങ്ങളുടെ പിന്തുണയുണ്ട്.
322 അംഗങ്ങളുടെ പിന്തുണയുള്ള ഇന്‍ഡ്യ സഖ്യം ഭരണമുന്നണിയിലെ ചില കക്ഷികളുടെ വോട്ടുകളും പ്രതീക്ഷിക്കുന്നുണ്ട്. ബിജെഡിയും ബിആര്‍എസും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചതിനാല്‍ ഭൂരിപക്ഷത്തിന്റെ സംഖ്യ ഇനിയും കുറയും. തെലങ്കാനയിലെ യൂറിയ ക്ഷാമത്തോടുള്ള സര്‍ക്കാരിന്റെ നിസംഗതയില്‍ പ്രതിഷേധിച്ചാണ് ബിആര്‍എസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.