ന്യൂഡല്‍ഹി: പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാര്‍ലമെന്റില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി മോദി ആദ്യ വോട്ട് രേഖപ്പെടുത്തി.എന്‍ഡിഎയില്‍ നിന്നും മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണനും, ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയായി സുപ്രീം കോടതി മുന്‍ ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മല്‍സരം. വോട്ടെണ്ണല്‍ വൈകുന്നേരം ആറുമണിക്കാണ് നടക്കുക. ഇതിനുശേഷം ഫലം പ്രഖ്യാപിക്കും.
അതേസമയം, കെസിആറിന്റെ പാര്‍ട്ടിയായ ബിആര്‍എസും മുന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പാര്‍ട്ടിയായ ബിജെഡിയും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. ഇരു പാര്‍ട്ടികളും ഒരു സഖ്യത്തെയും പിന്തുണയ്ക്കില്ല. ബിആര്‍എസിന് 4 എംപിമാരും ബിജെഡിക്ക് 7 എംപിമാരുമാണ് രാജ്യസഭയിലുള്ളത്.
ലോക്‌സഭയില്‍ ഒരു എംപി മാത്രമുള്ള ശിരോമണി അകാലിദളും പഞ്ചാബിലെ വെള്ളപ്പൊക്കം കാരണം വോട്ട് ചെയ്യാന്‍ വിസമ്മതിച്ചു. ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. വൈഎസ്ആര്‍സിപിയുടെ 11 എംപിമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ തീരുമാനിച്ചു.
ജഗ്ദീപ് ധന്‍ഖറിന് പകരക്കാരനായിരിക്കും വിജയിക്കുന്ന സ്ഥാനാര്‍ഥി. അനാരോഗ്യം ചൂണ്ടിക്കാട്ടി ജൂലൈ 21 നാണ് ധന്‍ഖര്‍ തന്റെ സ്ഥാനം രാജിവച്ചു. 2027 ഓഗസ്റ്റ് 10 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.
