ഉപരാഷ്ട്രപതി നാളെ കൊല്ലത്ത്; സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധി

Update: 2025-11-02 14:41 GMT

കൊല്ലം: നഗരപരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി. നഗരപരിധിയിലെ 26 സ്‌കൂളുകള്‍ക്കാണ് കലക്ടര്‍ അവധി നല്‍കിയത്.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു കൊല്ലം ആശ്രാമം മൈതാനം മുതല്‍ ചിന്നക്കട വരെയും റെയില്‍വേ സ്റ്റേഷന്‍, കര്‍ബല, ഫാത്തിമാ മാതാ കോളജ്, ചെമ്മാന്‍മുക്ക് വരെയുള്ള റോഡിന്റെ വശങ്ങളിലും വാഹന പാര്‍ക്കിങ് നിരോധിച്ചിരിക്കുകയാണ്. 75ന്റെ നിറവില്‍ എത്തിനില്‍ക്കുന്ന കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് 3ാം തീയതി 2.50ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ എത്തുന്നത്.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. ബിഷപ് പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ്, പി സി വിഷ്ണുനാഥ്, സുജിത്ത് വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, മേയര്‍ ഹണി ബെഞ്ചമിന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍, സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവര്‍ പങ്കെടുക്കും.