കാമുകനും വനിതാസുഹൃത്തും ചേര്‍ന്ന് ഗര്‍ഭിണിയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

Update: 2025-11-22 03:47 GMT

കുട്ടനാട്: കാമുകനും വനിതാസുഹൃത്തും ചേര്‍ന്നു ആറുമാസം ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെ(32)കൊലപ്പെടുത്തിയ കേസിലാണ് വിധി. മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷിനെ(37)ഒന്നാം പ്രതിയായും കൈനകരി പഞ്ചായത്ത് 10ാം വാര്‍ഡില്‍ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടില്‍ രജനിയെ(38)രണ്ടാം പ്രതിയുമായി നെടുമുടി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. പള്ളാത്തുരുത്തിക്കു സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തില്‍ കൊലയെന്ന് തെളിഞ്ഞത്. 2021 ജൂലായ് ഒന്‍പതിനായിരുന്നു സംഭവം. 112 സാക്ഷികളുണ്ടായിരുന്ന കേസില്‍ 82 പേരെ വിസ്തരിച്ചു. 131 രേഖകളും ഫൈബര്‍ വള്ളം അടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. രജനിയുടെ അമ്മ മീനാക്ഷിയടക്കം പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി എം ഷുഹൈബ് മുന്‍പാകെയാണു വിചാരണ പൂര്‍ത്തിയാക്കിയത്.

നെടുമുടി എസ്‌ഐ ടി വി കുര്യന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ എ വി ബിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ബി ഷാരി പ്രോസിക്യൂഷനു വേണ്ടി ഹാജരായി. സിവില്‍ പോലിസ് ഓഫീസര്‍മാരായ സുബീഷ്, സി അമല്‍ എന്നിവര്‍ വിചാരണ നടപടികള്‍ ഏകോപിപ്പിച്ചു. ഒന്നാം പ്രതിയായ പ്രബീഷ് തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ജാമ്യത്തിലായിരുന്ന രണ്ടാം പ്രതി രജനിയെ എന്‍ഡിപിഎസ് കേസില്‍ ഒഡിഷ പോലിസ് അറസ്റ്റുചെയ്ത് റായ്ഘട്ട് ജയിലില്‍ റിമാന്‍ഡിലാണ്.