ഹല്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ബാന്‍ ഭോലാപുര പ്രദേശവുമായി ബന്ധപ്പെട്ട റെയില്‍വേ ഭൂമി തര്‍ക്കത്തില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. സാധ്യമായ ഏത് സാഹചര്യവും നേരിടാന്‍ ആര്‍പിഎഫ്, റെയില്‍വേ പോലീസ്, പിഎസി, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, ഉത്തരാഖണ്ഡ് പോലിസ് എന്നിവരെ നഗരത്തില്‍ വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്‍എംജികള്‍ ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങള്‍ സേനയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാന്‍ ഭോലാപുര പ്രദേശത്ത് രാവിലെ 8 മുതല്‍ രാത്രി 10 വരെ കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. അതേസമയം നഗരത്തിലെ മൊത്തത്തിലുള്ള സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നതിനായി പ്രധാനപ്പെട്ട കവലകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബാന്‍ ഭോലാപുരയെ 'സീറോ സോണ്‍' ആയി പ്രഖ്യാപിക്കുകയും ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരല്‍, തിരക്ക് അല്ലെങ്കില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗഫൂര്‍ ബസ്തി, ലൈന്‍ നമ്പര്‍ 17, ചുറ്റുമുള്ള തെരുവുകള്‍ എന്നിവിടങ്ങളില്‍ ഏകദേശം 45 പുതിയ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന് മുമ്പേയുള്ള ഭൂരേഖകളടക്കം കൈവശമുള്ള നിരവധി തലമുറകള്‍ ജനിച്ചു വളര്‍ന്ന സ്ഥലമാണ് ഹല്‍ദ്വാനിയിലെ ഗഫൂര്‍ ബസ്തി. ഭൂമിക്ക് 1940 മുതല്‍ നികുതി അടച്ചതിന്റെ രസീതും പലരുടെയും കൈവശമുണ്ട്. ഇവിടെ വൈദ്യുതിയും വെള്ളവും റോഡുകളുമുണ്ട്. ബസ്തിയില്‍ ഒരു ഡസന്‍ അംഗന്‍വാടികളും സര്‍ക്കാര്‍ സ്‌കൂളുകളും അമ്പലങ്ങളും പള്ളികളുമുണ്ട്. എന്നാല്‍ താമസക്കാര്‍ക്കെതിരേ റെയില്‍വേ നടപടി ആരംഭിച്ചതോടെയാണ് കേസ് വിവാദമായത്. ഇവിടെ താമസിക്കുന്നവര്‍ അനധികൃത താമസക്കാരാണ് എന്നാണ് റെയില്‍വേയുടെ വാദം.