വെഞ്ഞാറമൂട് കൊലപാതക പരമ്പര; രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു

Update: 2025-05-27 09:55 GMT

കൊച്ചി: വെഞ്ഞാറമൂട് കൊലപാതകപരമ്പര കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. അഫാന്റെ പിതാവിന്റെ സഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊന്ന കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കിളിമാനൂര്‍ പോലിസ് ആണ് കുറ്റപത്രംസമര്‍പ്പിച്ചത്. പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണെമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 110 സാക്ഷികളെ വിസ്തരിച്ചതിനു ശേഷമാണ് 543 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അഫാനെ സാമ്പത്തികമായി സഹായിച്ചിരുന്ന മുത്തശിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതാണ് ലത്തീഫിനോടും ഭാര്യയോടും അഫാന് വൈരാഗ്യം ഉണ്ടാക്കിയതെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍, പോലിസ് ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. പ്രതി അഫാന്റെ പിതാവിന്റെ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം പാങ്ങോട് പോലിസ് നല്‍കിയത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യതയുമാണെന്ന് കുറ്റപത്രം പറയുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്ന് 88-ാം ദിവസമാണ് പോലിസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

അമ്മൂമ്മയെയും സഹോദരനെയും കാമുകിയെയും പിതാവിനെയും സഹോദരനെയും ഭാര്യയെയുമാണ് അഫാന്‍ കൊലപ്പെടുത്തിയത്. ആദ്യം കൊലചെയ്യുന്നത് 95 വയസ്സുള്ള സല്‍മ ബീവിയെയാണ്. തനിച്ച് വീട്ടില്‍ താമസിച്ചിരുന്ന വൃദ്ധയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ മാതാവ് കൊലപാതകത്തിനിടയില്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Tags: