വെനസ്വേലയുടെ നേതാവ് നിക്കോളാസ് മഡുറോ ഇന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാകും
ന്യൂയോര്‍ക്ക്: വെനസ്വേലയുടെ നേതാവ് നിക്കോളാസ് മഡുറോ ഇന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാകും.ന്യൂയോര്‍ക്കിലെത്തിച്ച അദ്ദേഹത്തെ ഇതാദ്യമായാണ് കോടതിയില്‍ ഹാജരാക്കുന്നത്. മയക്കുമരുന്ന് കടത്തിന് അമേരിക്ക മഡുറോയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
മഡുറോയുടെ അറസ്റ്റിന്റെ നിയമസാധുതയെ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ തയ്യാറെടുക്കുകയാണ്. മഡുറോ ഒരു പരമാധികാര വിദേശ രാഷ്ട്രത്തലവനാണെന്നും അതിനാല്‍ അദ്ദേഹത്തിന് പ്രോസിക്യൂഷനില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും അവര്‍ വാദിക്കുമെന്നാണ് സൂചന. എന്നാല്‍ ഈ വാദം കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് നിയമവിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞ ദിവസമാണ് തലസ്ഥാനമായ കാരക്കാസില്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഫോര്‍ട്ട് ടിയൂണ മിലിട്ടറി ബേസിലെ വസതിയില്‍ നിന്നാണ് മഡുറോയെ അമേരിക്ക പിടികൂടിയത്. തുടര്‍ന്ന് ഹെലകേ്ര്രാപര്‍ മാര്‍ഗ്ഗം രാജ്യത്തിന് പുറത്തേക്ക് കടത്തി. വെനസ്വേലന്‍ സൈന്യം തിരിച്ചടിച്ചെങ്കിലും ഫലമുണ്ടായില്ല.
1962 നവംബര്‍ 23-ന് കാരക്കാസിലെ ഒരു സാധാരണ തൊഴിലാളിവര്‍ഗ കുടുംബത്തിലാണ് നിക്കോളാസ് മഡുറോ ജനിച്ചത്. രാഷ്ട്രീയവും സാമൂഹിക പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ രക്തത്തില്‍ തന്നെയുണ്ടായിരുന്നു. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായിരുന്ന പിതാവില്‍ നിന്നാണ് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനുള്ള ആവേശം മഡുറോയ്ക്ക് ലഭിച്ചത്. പില്‍ക്കാലത്ത് കാരക്കാസ് മെട്രോ കമ്പനിയില്‍ ഒരു ബസ് ഡ്രൈവറായി ജോലി നോക്കുമ്പോഴും ആ പോരാട്ടവീര്യം അദ്ദേഹം കൈവിട്ടില്ല. തലസ്ഥാനത്തെ ഗതാഗത തൊഴിലാളികള്‍ക്കായി ഒരു അനൗദ്യോഗിക ട്രേഡ് യൂണിയന്‍ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം തന്റെ നേതൃപാഠവം തെളിയിച്ചു.
1992-ല്‍ പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന് ശേഷം ഹ്യൂഗോ ഷാവേസ് ജയിലിലായപ്പോള്‍, അദ്ദേഹത്തിന്റെ മോചനത്തിനായി തെരുവിലിറങ്ങി പ്രചാരണം നടത്തിയവരില്‍ മുന്‍പന്തിയില്‍ ഈ ബസ് ഡ്രൈവറുണ്ടായിരുന്നു. 1998-ല്‍ ഷാവേസ് പ്രസിഡന്റായതോടെ മഡുറോയുടെ രാഷ്ട്രീയ ജീവിതവും മാറി. 2000-ല്‍ ദേശീയ അസംബ്ലിയില്‍ അംഗമായ അദ്ദേഹം, വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ ആ സഭയുടെ പ്രസിഡന്റായി മാറി.
2013-ല്‍ തന്റെ ഉപദേഷ്ടാവായ ഷാവേസിന്റെ മരണശേഷം നടന്ന പ്രത്യേക പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഡുറോ നേരിട്ടത് വലിയ വെല്ലുവിളികളായിരുന്നു. എന്നാല്‍ താന്‍ സാധാരണക്കാര്‍ക്കിടയില്‍ നിന്ന് വന്നവനാണെന്ന ഉറച്ച ബോധ്യം അദ്ദേഹത്തിന് കരുത്ത് നല്‍കി. 1.5 ശതമാനം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഹെന്റിക് കാപ്രിലസിനെ തകര്‍ത്ത് അദ്ദേഹം അധികാരം പിടിച്ചു.

