മഡുറോയെക്കുറിച്ച് യാതൊരു വിവരവുമില്ല; അടിയന്തര യുഎന്‍ യോഗം വേണമെന്ന് വെനസ്വേല
കാരക്കാസ്: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിന്റേയും വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് വെനസ്വേല. അമേരിക്കന്‍ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് വെനസ്വേല ആവശ്യപ്പെട്ടു.
'ഞങ്ങളുടെ മാതൃരാജ്യത്തിനെതിരേ യുഎസ് സര്‍ക്കാര്‍ നടത്തിയ ക്രിമിനല്‍ ആക്രമണത്തെ നേരിടേണ്ടി വന്നതിനാല്‍, അന്താരാഷ്ട്ര നിയമം നിലനിര്‍ത്താന്‍ ഉത്തരവാദികളായ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തര യോഗം ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്' വെനസ്വേല വിദേശകാര്യ മന്ത്രി യുവാന്‍ ഗില്‍ പറഞ്ഞു.
അതേസമയം, പ്രസിഡന്റ് നിക്കൊളാസ് മഡുറോയുടേയും ഭാര്യ സിലിയ ഫ്ലോറസിന്റെയും വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. പുലര്‍ച്ചെ കാരക്കാസ്, മിറാന്‍ഡ, അരാഗ്വ, ലാ ഗ്വെയ്ര എന്നിവിടങ്ങളില്‍ യുഎസ് ആക്രമണം നടന്നതിനു ശേഷമാണ് മഡുറോയെയും ഭാര്യയേയും കാണാതായത്. പ്രസിഡന്റിനേയും ഭാര്യയേയും പിടികൂടി രാജ്യത്തുനിന്ന് കടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.