വെനസ്വേല ആക്രമണം; 'അമേരിക്ക തെമ്മാടിത്ത രാഷ്ട്രമായി മാറി': എം എ ബേബി

Update: 2026-01-03 13:28 GMT

തിരുവനന്തപുരം: വെനസ്വേലക്കെതിരായ അമേരിക്കന്‍ ആക്രമണത്തിനു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കന്‍ ഏകാധിപത്യത്തിന് കീഴ്‌പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിനു പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്കു നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങള്‍ക്കു നേരേയും നടക്കാം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് വെനസ്വേലയ്‌ക്കെതിരായ അമേരിക്കന്‍ ആക്രമണം. ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരേ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം എ ബേബി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വെനിസ്വേലയുടെ പ്രസിഡന്റിനേയും പ്രസിഡന്റിന്റെ ഭാര്യയും തട്ടിക്കൊണ്ടുപോയ അവസ്ഥവരെ ഉണ്ടായി. ശക്തമായ സാമ്രാജിത്വ അധിനിവേശമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. ആക്രമണത്തില്‍ എത്ര പേര്‍ മരണപ്പെട്ടു എന്നതിന് വ്യക്തമായ കണക്കുകളില്ല. ജനവാസ മേഖല ഉള്‍പ്പെടെയാണ് ആക്രമിക്കപ്പെട്ടത്. ലോകത്ത് ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ ആരും ചോദിക്കാനില്ല എന്ന തരത്തിലാണ് അമേരിക്ക ആക്രമണം തുടരുന്നതെന്നും എം എ ബേബി പറഞ്ഞു.

'വെനസ്വേലയ്‌ക്കെതിരെയുള്ള കടന്നാക്രമണത്തില്‍ ഇന്ത്യയുടെ നിലപാടെന്ത് എന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യയും വെനസ്വേലയും തമ്മില്‍ പല തലങ്ങളിലുള്ള ബന്ധമുണ്ട്. ലോകത്ത് സോളാര്‍ അലൈന്‍സ് രൂപീകരിക്കുമ്പോള്‍ ഇന്ത്യയും വെനസ്വേലയും സ്ഥാപക അംഗങ്ങളാണ്. എണ്ണയും, പ്രകൃതി വതാകവും ഖനനം ചെയ്യുന്ന പ്രക്രിയയില്‍ വെനസ്വേലയുമായി ഇന്ത്യയിലെ പൊതുമേഖല സ്ഥാപനമായ ഒഎന്‍ ജിസി വിദേശ് സഹകരിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കയുടെ ആക്രമത്തെ അപലപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല'. അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങളുടെ വിഷയങ്ങളില്‍ ഇടപ്പെട്ടിട്ടും ലോകത്ത് എടുത്തു കാണിക്കാനുള്ള ഒരു നേട്ടം അമേരിക്കക്കില്ല. അതിനു വേണ്ടി കൂടിയാണ് വെനസ്വേലയ്ക്കു മേല്‍ കുതിര കയറുന്നത്. തെമ്മാടിത്ത രാഷ്ട്രമായി അമേരിക്ക മാറി. അപലപിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. സാമ്രാജ്യത്വ വിരുദ്ധ സമീപനം സ്വീകരിച്ച് ഇന്ത്യ വെനസ്വേലയോട് ഐക്യപ്പെടണം. സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തും.

ഇന്ത്യ നിശബ്ദത അവസാനിപ്പിച്ച് ശബ്ദിച്ചാല്‍ എന്താണ് സംസാരിക്കുക എന്നതില്‍ ഉത്കണ്ഠയുണ്ട്. സാമ്രാജ്യത്വത്തിനെതിരേയുള്ള നിലപാടാണ് സ്വാതന്ത്ര്യസമരകാലം മുതല്‍ ഇന്ത്യ സ്വീകരിക്കുന്നത്. എന്നാല്‍ കാലക്രമേണ അവ ഇല്ലാതാകുന്നു. സാമ്രാജ്യത്വ നിലപാടുയര്‍ത്തിപ്പിടിച്ച് വെനസ്വേലയോട് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.

Tags: