ചേര്‍ത്തല: മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളാപ്പള്ളി നടേശന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതെന്നും ആ പാര്‍ട്ടിയ്ക്ക് വേണ്ടി ചിലര്‍ പ്രസ്താവനയെ തെറ്റായി പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി മതനിരപേക്ഷത എന്നും ഉയര്‍ത്തി പിടിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ചില വിവാദങ്ങളുണ്ടായി. എന്നാല്‍ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവര്‍ക്ക് അറിയാം അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്. ആത്മാഭിമാനത്തോടെ തലയുയര്‍ത്തി പിടിച്ച് നില്‍ക്കാന്‍ എസ്എന്‍ഡിപി യോഗം അംഗങ്ങള്‍ക്ക് ആശയും ആവേശവും നല്‍കി എന്നതാണ് വെള്ളാപ്പള്ളി നടേശനെന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്. അനിതരസാധാരണമായ കര്‍മ്മശേഷിയും നേതൃപാടവവും കൊണ്ട് വെള്ളാപ്പള്ളി രണ്ട് ച രിത്ര നിയോഗങ്ങളുടെ നെറുകയില്‍ എത്തി നില്‍ക്കുകയാണ്. വെള്ളാള്ളിക്ക് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ നല്ല ശേഷിയുണ്ട്. സരസ്വതി വിലാസം അദ്ദേഹത്തിന്റെ നാക്കിനുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് വെള്ളാപ്പള്ളി നടേശന് കീഴില്‍ എസ്എന്‍ഡിപി യോഗവും എസ്എന്‍ ട്രസ്റ്റും വളര്‍ന്നു. കുമാരനാശാന് പോലും കഴിയാത്ത കാര്യമാണ് വെള്ളാപ്പള്ളി നടേശന് സാധിച്ചത്. കുമാരനാശാന്‍ 16 വര്‍ഷം മാത്രമാണ് ഈ സ്ഥാനത്ത് ഇരുന്നത് എന്നത് ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.