വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്ഥാവന; 'സര്‍ക്കാര്‍ നടപടി സ്വീകരിക്കണം': കേരള മുസ്‌ലിം ജമാഅത്ത്

Update: 2026-01-04 14:03 GMT

കോഴിക്കോട്: വെള്ളാപ്പള്ളിയുടെ വര്‍ഗീയവിഷം ചീറ്റുന്ന പ്രസ്താവനകളെ ക്രമസമാധാന പ്രശ്‌നമായിക്കണ്ട് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയോട് ഈ വിഷയത്തിലുള്ള സര്‍ക്കാരിന്റെ സമീപനം തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയുടെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മതസൗഹാര്‍ദവും ഒത്തൊരുമയും കൂട്ടായ്മയും തകര്‍ക്കാന്‍ ആരേയും അനുവദിക്കരുത്. വിഭാഗീയതയും വര്‍ഗീയതയും വേണ്ട എന്നാണ് സമൂഹം തീരുമാനിച്ചത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ആരും അംഗീകരിക്കുന്നില്ല. ഇനി സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അത് സര്‍ക്കാറിന്റെ ബാധ്യതയാണ്.

സുന്നി ഐക്യം എത്രയും വേഗം യാഥാര്‍ഥ്യമാവട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. മുറിവുകളൊക്കെ ഉണങ്ങിക്കഴിഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ ഐക്യത്തിന്റെ വാതിലുകള്‍ തുറന്നിട്ടിട്ടുണ്ട്. സുന്നി ഐക്യത്തിന് രാഷ്ട്രീയമായ തടസ്സങ്ങളൊന്നുമില്ലെന്നാണ് മനസിലാക്കുന്നത്. ലീഗ് അതിന് തടസ്സമാണെന്ന് കരുതുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കേരള യാത്ര ഉപനായകന്‍ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കണ്‍വീനര്‍ സി മുഹമ്മദ് ഫൈസി, മജീദ് കക്കാട് എന്നിവരും സംബന്ധിച്ചു.

Tags: