വര്‍ഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെ ഉടന്‍ തുറങ്കലിലടക്കണം: നഈം ഗഫൂര്‍
ഫ്രറ്റേണിറ്റി ഹയര്‍ സെക്കന്‍ഡറി ലീഡേഴ്‌സ് മീറ്റിന് തുടക്കം
കൊണ്ടോട്ടി: നിരന്തരം മുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തി വര്‍ഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളി നടേശനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരേ ഫ്രറ്റേണിറ്റിയടക്കം പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. നാല് വോട്ടിനു വേണ്ടി സിപിഎം വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളിയെ തലയിലേറ്റി നടക്കുകയാണ്. നവോത്ഥാന മുന്നണി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളിയെ നീക്കണം. മാധ്യമപ്രവര്‍ത്തകന്റെ മതം നോക്കി തീവ്രവാദിയെന്ന് വിളിച്ച പരാമര്‍ശം അപലനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊണ്ടോട്ടി മര്‍ക്കസ് സ്‌കൂളിലെ നിഹാല്‍ ബുഖാരി നഗരില്‍ നടക്കുന്ന ഫ്രറ്റേണിറ്റി ഹയര്‍ സെക്കന്‍ഡറി ലീഡേഴ്‌സ് മീറ്റ് 'ഉയരെ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്രറ്റേണിറ്റി ദേശീയ ജനറല്‍ സെക്രട്ടറി ലുബൈബ് ബഷീര്‍ മുഖ്യാതിഥിയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബാസിത് താനൂര്‍ അധ്യക്ഷത വഹിച്ചു. രണ്ടു ദിവസമായി നടക്കുന്ന ക്യാംപ് ശനിയാഴ്ച സമാപിക്കും. വിവിധ സെഷനുകളില്‍ രാഷ്ട്രീയ-സാമൂഹ്യ-അക്കാദമിക് രംഗത്തെ പ്രമുഖര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വര്‍ഗീയ വിഷം വിളമ്പുന്ന വെള്ളാപ്പള്ളിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരിപാടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.