'ഇഷ്ടമല്ലാത്ത അച്ചിക്ക് തൊട്ടതെല്ലാം കുറ്റം': വീണാജോര്‍ജിന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാജോര്‍ജിന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്‍. മെഡിക്കല്‍ രംഗത്തെ വീഴ്ചകള്‍ക്കെതിരേ ആരോഗ്യമേഖലക്കെതിരേ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രസ്താവന. എന്ത് പ്രശ്‌നമുണ്ടായാലും വീണാ ജോര്‍ജിനെതിരേയാണ് പ്രതിഷേധം നടക്കുന്നതെന്നും ഇത് എന്ത് കാര്യത്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ന് വന്ന് ഇഷ്ടമല്ലാത്ത അച്ചിക്ക് തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലായി കാര്യങ്ങള്‍ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാകുകയാണ്. വണ്ടാനം മെഡിക്കല്‍ കോളജിലെ ചികില്‍സാപിഴവിനു ശേഷം അടുത്തിടെ തന്നെ കായംകുളത്ത് ചികില്‍സാ പിഴവുമൂലം കുഞ്ഞ് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
കാല്‍മുട്ടിന്റെ ചികില്‍സക്കെത്തിയ യുവാവിന്റെ ഇരു കണ്ണുകളുടേയും കൃഷ്ണമണി നീക്കം ചെയ്‌തെന്നായിരുന്നു തൃശൂര്‍ മെഡിക്കല്‍ കോളജിനെതിരേ ഉയര്‍ന്ന ആരോപണം. തുടര്‍ന്നു കൊണ്ടിരിക്കുന്ന വീഴ്ചകള്‍ക്കു പിന്നാലെയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വരുന്നത്.