വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയല്ലെന്ന് സിപിഎം നേതാവ് വിജയരാഘവന്‍

Update: 2025-11-23 05:21 GMT

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയനിലപാടുകള്‍ അപ്പപ്പോള്‍ പ്രകടിപ്പിക്കുന്നയാളാണ്. അല്ലാതെ ഒരു വര്‍ഗീയവാദിയല്ലെന്നും അങ്ങനെ ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

നവോഥാനത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ എസ്എന്‍ഡിപിയുടെ നേതാവാണ് വെള്ളാപ്പള്ളി. അദ്ദേഹത്തിന്റെ നിലപാടുകള്‍ പൊതുധാരണയ്ക്ക് വിരുദ്ധമാണെങ്കില്‍ അതിനെ സിപിഎം വിമര്‍ശിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

യുഡിഎഫില്‍ കൂടുതല്‍ ജനപിന്തുണയുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ പലയിടത്തും അവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സഹായിച്ചാല്‍ തിരിച്ച് കോണ്‍ഗ്രസ് സഹായിക്കാറില്ലെന്നതാണ് വസ്തുതയെന്നും വിജരാഘവന്‍ കൂട്ടിചേര്‍ത്തു.

Tags: