'സംഭവിച്ചത് ദൗര്‍ഭാഗ്യകരം'; ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി

Update: 2025-07-06 02:59 GMT

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഭിത്തിയിടിഞ്ഞ് വീണ് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടില്‍ മന്ത്രി വീണാ ജോര്‍ജ് എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സംഭവിച്ചത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും സഹായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരില്‍ പ്രതീക്ഷയെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. മകന് സ്ഥിര ജോലി നല്‍കാമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കിയെന്നും രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചെന്നും വിശ്രുതന്‍ പറഞ്ഞു.

അതേസമയം, അപകടത്തിലെ അന്വേഷണ റിപോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊളിഞ്ഞുവീണ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറി രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. പൊതുമരാമത്ത് കെട്ടിട വിഭാഗം ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരില്‍ നിന്ന് ജില്ലാ ഭരണകൂടം വിവരങ്ങള്‍ ശേഖരിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ നിന്ന് പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് രോഗികളെ മാറ്റാതിരുന്നതിന്റെ കാരണം മെഡിക്കല്‍ കോളജ് സൂപ്രണ്ട് കലക്ടറെ ബോധിപ്പിച്ചു. അതേസമയം അപകടത്തെ തുടര്‍ന്ന് മുടങ്ങിയ ശസ്ത്രക്രിയകള്‍ നാളെ പുനരാരംഭിച്ചേക്കും.