സൈബര്‍ ആക്രമണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി വീണാ ജോര്‍ജ്

Update: 2026-04-03 15:31 GMT

പത്തനംതിട്ട: തനിക്കെതിരേ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു സ്ത്രീക്കെതിരേ ഉണ്ടാകാന്‍ പാടില്ലാത്ത നീക്കമാണിതെന്നും സൈബര്‍ ആക്രമണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കുമാണ് ഇതുമായി ബന്ധപ്പെട്ട് സിപിഎം പരാതി നല്‍കിയത്.

ലൈംഗിക ചുവയോടെയുള്ള കമന്റുകള്‍ പോസ്റ്റുകള്‍ക്ക് താഴെ ഉണ്ടാകുന്നു. ഒരു വ്യക്തിക്ക് എതിരെയും, ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത കമന്റുകളാണ് വരുന്നത്. സൈബര്‍ ആക്രമണം എല്ലാ പരിധികളും വിട്ടു. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് കണ്ടെത്തട്ടെയെന്ന് വീണാ ജോര്‍ജ് പറഞ്ഞു. സൈബര്‍ ആക്രമണം തുടരുമെന്ന സന്ദേശമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്റ്റേറ്റ്മെന്റ് നല്‍കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. അതേസമയം, തോല്‍വി ഭയന്നുള്ള വീണാ ജോര്‍ജിന്റെ രണ്ടാമത്തെ നാടകമാണിതെന്ന് അബിന്‍ വര്‍ക്കി പ്രതികരിച്ചു.

യുഡിഎഫിന് സൈബര്‍ ആക്രമണത്തിന്റെ ആവശ്യമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി പറഞ്ഞു. സൈബര്‍ ആക്രമണം ആര് നടത്തിയാലും അത് പ്രാകൃതമെന്നും അബിന്‍ പ്രതികരിച്ചു. പരാജയം മറച്ചുവെക്കുന്നതിനാണ് സൈബര്‍ ആക്രമണം എന്ന് എല്‍ഡിഎഫ് പറയുന്നതെന്നും അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. തനിക്കുനേരെയും സൈബര്‍ അധിക്ഷേപം ഉണ്ടെന്നും എല്ലാ സൈബര്‍ ആക്രമണങ്ങളെയും എതിര്‍ക്കുന്നുവെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായ അബിന്‍ പറഞ്ഞു.

വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഎം നേതാവ് ഓമല്ലൂര്‍ ശങ്കരനാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ അസഭ്യമായ കമന്റുകള്‍ പ്രചരിപ്പിക്കുകയാണ്. മന്ത്രി വീണാ ജോര്‍ജ് തന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് അഭ്യര്‍ഥിക്കുമ്പോള്‍, അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നതെന്ന് ഓമല്ലൂര്‍ ശങ്കരന്‍ ആരോപിച്ചു.

Tags: