കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിയെന്ന് വേടന്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പോലിസിന് നോട്ടിസ്
കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി പോലിസ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടായേക്കാമെന്ന സൂചനയെ തുടര്‍ന്നാണ് ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് വിഷയത്തില്‍ പോലിസിന്റെ നിലപാട് തേടി.
തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്ന് ഹര്‍ജിയില്‍ വേടന്‍ പറയുന്നു. തന്റെ മാനേജര്‍മാര്‍ക്ക് നിരന്തരം ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി പണം നേടാനാണ് ഒരു ഗ്രൂപ്പിന്റെ ശ്രമം. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നു. അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും ഹരജി പറയുന്നു.