തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും ശശി തരൂര്‍ എം പിയുടെ മുഖം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തരൂര്‍ നേരത്തെ തന്നെ സജീവമാണ്. എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ വെട്ടി കൊന്നു തീര്‍ക്കുക എന്നതല്ല തങ്ങളുടെ ശൈലി. മറിച്ച് ആ അഭിപ്രായങ്ങളിലൂടെ മുന്നോട്ടുപോവുക എന്നതാണെന്നും ശശി തരൂര്‍ എം പി കോണ്‍ഗ്രസിന്റെ അഭിമാനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രതിപക്ഷം അവതരിപ്പിക്കുന്ന വിഷയങ്ങളായിരിക്കും പൊളിറ്റിക്കല്‍ അജണ്ട. അതായിരിക്കും ജനങ്ങള്‍ ചര്‍ച്ച ചെയ്യുക. അതില്‍ നിന്ന് വഴിതിരിക്കാനാണ് തനിക്കെതിരായ തോണ്ടലും പിച്ചലുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
നേമത്ത് മല്‍സരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വെല്ലുവിളിച്ചതിനോടായിരുന്നു പ്രതികരണം. അദ്ദേഹവുമായി മല്‍സരിക്കാന്‍ താനില്ലെന്നും ശിവന്‍കുട്ടി വലിയ ആളാണെന്നും വിഡി സതീശന്‍ പരിഹസിച്ചു. തനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് ശിവന്‍കുട്ടി പറയുന്നതെന്നും വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ളയാളാണ് ശിവന്‍കുട്ടിയെന്നും വി ഡി സതീശന്‍ കൂട്ടിചേര്‍ത്തു.