വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടി സമരം നടത്തിയാൽ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിക്കുമെന്ന് വി ഡി സതീശൻ
കൊച്ചി: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ കോൺഗ്രസ് വീട് നിർമാണം തുടങ്ങാത്തതിനെതിരായ ഡിവൈഎഫ്ഐ പ്രതിഷേധത്തെ വിമർശിച്ച് വി ഡി സതീശൻ. വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടി സമരം നടത്തിയാൽ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട് തങ്ങൾ വാങ്ങിയ സ്ഥലമാണ്. അവിടെ നിർമാണം ആരംഭിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
'സർക്കാർ പദ്ധതിയും കോൺഗ്രസ് പദ്ധതിയും താരതമ്യം ചെയ്യേണ്ട കാര്യമില്ല. ഡിവൈഎഫ്ഐയുടെതു സമരാഭാസം മാത്രം. ഡിവൈഎഫ്ഐ വയനാട്ടിലെ കോൺഗ്രസിന്റെ സ്ഥലത്ത് കുടിൽ കെട്ടി സമരം നടത്തിയാൽ അടിച്ചോടിക്കും അവരെ. അത് ഞങ്ങൾ വാങ്ങിയ സ്ഥലമാണ്' വി ഡി സതീശൻ പറഞ്ഞു.
ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച വീടുകളിൽ ഇതുവരെ ആൾതാമസം തുടങ്ങിയില്ലല്ലോ? സർക്കാർ ഒരു കൊല്ലമെടുത്തല്ലേ സ്ഥലം വാങ്ങിച്ചത്. പ്രത്യേക സ്ഥലം തരില്ലെന്നാണ് കോൺഗ്രസിനോട് സർക്കാർ പറഞ്ഞതെന്നും സതീശൻ പറഞ്ഞു.