മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ വി ഡി സതീശന്‍ കാസയുടെ നാവാകുന്നു: അന്‍സാരി ഏനാത്ത്

Update: 2026-02-13 12:36 GMT

നോര്‍ത്ത് പറവൂര്‍: മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖഫല്ലെന്ന വാദം വസ്തുതകളെ മറച്ചുവെച്ച് കാസ പോലുള്ള വര്‍ഗീയ സംഘങ്ങളുടെ നാവാവുകയാണ് വി ഡി സതീശനെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എസ്ഡിപിഐ പറവൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ തന്റെ മുന്‍ഗാമിയായ മുന്‍മന്ത്രി പി ടി ചാക്കോയെ കൂടി തള്ളിപ്പറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്തത്.

2009ല്‍ അച്ചുതാനന്ദന്‍ സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഇത് വഖഫ് ഭൂമിയാണെന്ന് അംഗീകരിച്ചിരുന്നു. ഇതിനെ ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ കമ്മീഷനാക്കി പിണറായി സര്‍ക്കാര്‍ ആട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഈ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. മുന്നണികളുടെ ഇത്തരം ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ കേരളത്തില്‍ പാര്‍ട്ടി തനിച്ചു മല്‍സരിക്കുമെന്നും സംഘപരിവാറിന്റെ സംസ്ഥാനത്തിലെ ഇടപെടലുകളെ നിസ്സാരവല്‍ക്കരിക്കുന്ന ഇടതു വലതു മുന്നണികളുടെ നിലപാടുകള്‍ക്ക് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് സിയാദ് സി എസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍, ജില്ലാ വൈസ് പ്രസിഡന്റ് സുധീര്‍ ഏലൂക്കര, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം പ്രസിഡന്റ് ഫിദ സിയാദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി സ്വാഗതവും വൈസ് പ്രസിഡന്റ് നിസാര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

Tags: